Friday, February 12, 2010
ശിവരാത്രി മാഹാത്മ്യം
ദുര്‍വ്വാസാവ് ദേവലോകത്ത്
ശിവന്റെ അംശമായ ദുര്‍വ്വാസാവ് ഒരിക്കല്‍ വനത്തില്‍ കൂടി സഞ്ചരിച്ചു കൊണ്ടിരുന്ന അവസരത്തില്‍ മേനക എന്ന അപ്സരസിന്റെ കൈയില്‍ കല്പക വൃക്ഷത്തിന്റെ പുഷ്പങ്ങള്‍ കൊണ്ട് കോര്‍ത്ത ഒരു ദിവ്യ മാല കണ്ടു. ആ മാലയുടെ പരിമളം കാട് മുഴുവന്‍ വ്യാപിച്ചു. ദുര്‍വ്വാസാവ് അവരുടെ അടുക്കല്‍ ചെന്ന് ആ മാല അപേക്ഷിച്ചു. അവള്‍ വിനയപൂര്‍വ്വം അദ്ദേഹത്തെ നമസ്കരിച്ച് മാല സംഭാവന ചെയ്തു.
ആ മാലയുമായി ദുര്‍വ്വാസാവ് ദേവലോകത്തെത്തി. ഇന്ദ്രന്‍ ഐരാവതത്തിന്റെ മുകളില്‍ കയറി, ദേവകളോടു കൂടി വരുന്നത് കണ്ട ദുര്‍വ്വാസാവ് , പൂന്തേന്‍ നുകര്‍ന്ന് മദം പൂണ്ട കരിവണ്ടുകളോടു കൂടിയ ആ പൂമാല തന്റെ ശിരസില്‍ നിന്നെടുത്ത് ദേവരാജാവിന് സമ്മാനിച്ചു. ഇന്ദ്രനാകട്ടെ ആ മാലയെടുത്ത് ഐരാവതത്തിന്റെ മസ്തകത്തില്‍ വെച്ചു. മദയാന മാലയുടെ സൌരഭ്യം കൊണ്ട് ആകൃഷ്ടനായി അതിന്റെ തുമ്പികൈയിലെടുത്ത് ഒന്നു മണത്തുനോക്കി നിലത്തേക്കെറിഞ്ഞു.
ദേവന്മാര്‍ക്ക് ദുര്‍വ്വാസാവിന്റെ ശാപം
ഇന്ദ്രന്‍ മാലയെ അനാദരിച്ചതുകണ്ട് കുപിതനായ ദുര്‍വ്വാസാവ് ഇങ്ങനെ ശപിച്ചു: “മൂഢ! ഞാന്‍ തന്ന ഈ മാലയെ അനാദരിച്ചതുകൊണ്ട് ദേവലോകത്തിന്റെ ഐശ്വര്യം നശിച്ചു പോകും” അന്നു മുതല്‍ ദേവലോകത്തിന്റെ ഐശ്വര്യം നശിച്ചു തുടങ്ങി. ചെടികളും വള്ളികളും കൂടി ക്ഷയിച്ചു പോയി. യാഗങ്ങള്‍ നടക്കാതെയായി. ദേവന്മാര്‍ക്ക് ജരാനരകള്‍ ബാധിച്ചു. ഈ ക്ഷീണാവസ്ഥ കണ്ട് അസുരന്മാര്‍ ദേവന്മാരെ എതിര്‍ക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. അസുരന്മാരുടെ ആക്രമണത്തില്‍ പെട്ട് ദേവന്മാര്‍ വിവശരായി.
ദേവന്മാര്‍ വിഷ്ണുവിനെ ശരണം പ്രാപിക്കുന്നു
ദേവന്മാര്‍ അഗ്നിദേവനെ മുന്‍ നിര്‍ത്തി കൊണ്ട് ബ്രഹ്മാവിനെ ശരണം പ്രാപിച്ചു. ബ്രഹ്മാവ് അവരെ മഹാവിഷ്ണുവിന്റെ അടുത്തേയ്ക്ക് നയിച്ചു. എല്ലാവരും കൂടി വിഷ്ണുവിനെ സ്തുതിച്ചു. വിഷ്ണു പ്രത്യക്ഷനായി അവരോട് ഇങ്ങനെ അരുളി ചെയ്തു: “അല്ലയോ ദേവഗണങ്ങളേ, നിങ്ങളുടെ തേജസിനെ ഞാന്‍ വര്‍ദ്ധിപ്പിക്കാം.ഞാന്‍ പറയുന്നത് നിങ്ങള്‍ ചെയ്യുക. നിങ്ങള്‍ അസുരന്മാരോടു കൂടി പലവിധത്തിലുള്ള ഔഷധികളും കൊണ്ടുവന്ന് പാലാഴിയില്‍ ഇട്ട്, മഹാമേരു പര്‍വ്വതത്തെ കടക്കോലും, വാസുകിയെ കയറുമാക്കി അമൃതം കടഞ്ഞെടുക്കുക. സമുദ്രം കടയുമ്പോള്‍ അതില്‍ നിന്നുണ്ടാകുന്ന അമൃതം പാനം ചെയ്താല്‍ നിങ്ങള്‍ ബലവാന്മാരും, മരണമില്ലാത്തവരും ആയിത്തീരും.”
അമൃതമഥനം ആരംഭിക്കുന്നു
വിഷ്ണുവിന്റെ നിര്‍ദ്ദേശാനുസാരം ദേവന്മാര്‍ അസുരന്മാരോട് സന്ധിചെയ്ത് അമൃതത്തിനായി പ്രയത്നിച്ചു തുടങ്ങി. മന്ഥരപര്‍വ്വതത്തെ കടക്കോലും വാസുകിയെ കയറുമാക്കി വേഗത്തില്‍ സമുദ്രം കടഞ്ഞു തുടങ്ങി. മഥനം ഉല്‍ക്കടമായതോടു കൂടി വാസുകിയുടെ വായില്‍ നിന്നും കരാളമായ കാളകൂടവിഷം പുറത്തു ചാടി. (കാളകൂടവിഷം പാലാഴിയില്‍ നിന്നും ഉയര്‍ന്നു വന്നതാണെന്നും അഭിപ്രായഭേദമുണ്ട് ) കാളകൂടവിഷം വലിയ പുകയും അഗ്നിജ്വാലകളും നിറഞ്ഞ് ജലപ്പരപ്പില്‍ കാണപ്പെട്ടു. അതിതീഷ്ണ ഗന്ധം തട്ടിയിട്ട് ത്രിലോകങ്ങളും മയങ്ങിപ്പോയി. അസുരന്മാര്‍ ഓടി. ദേവന്മാര്‍ ഭയന്നു. വിഷ്ണു ഭീരുത വെളിപ്പെടുത്താതെ സ്വന്തം ഇന്ദ്രിയങ്ങളെ മൂടി. ലോകമാകെ ദഹിച്ചു നശിക്കുമെന്ന നില വന്നു കൂടി.
ഇത്തരുണത്തില്‍ സാഹസികോഗ്രനായ രുദ്രമൂര്‍ത്തി ആ വിഷദ്രാവകം മുഴുവന്‍ വായ്ക്കകത്താക്കി. ഇതു കണ്ട് ഭയവിഹ്വലയായ പാര്‍വ്വതി, ഉദരത്തിലേക്ക് ഇറങ്ങാതിരിക്കാന്‍ ശിവകണ്ഠം ഞെക്കി മുറുക്കി പിടിച്ചു. വായില്‍ നിന്നും പുറത്തേയ്ക്ക് വരാതിരിക്കാന്‍ മഹാവിഷ്ണു വായ് പൊത്തി പിടിച്ചു. മേലോട്ടും കീഴോട്ടും ഗതിമുട്ടിയ വിഷം ശിവകണ്ഠത്തില്‍ നീലച്ഛായയായി പറ്റിപ്പിടിച്ചു. അങ്ങനെ പരമശിവന്‍ “നീലകണ്ഠ” നായിത്തീര്‍ന്നു. വിഷത്തിന്റെ ആവി തട്ടിയ മഹാവിഷ്ണു ‘’നീലവര്‍ണ്ണ‘’നും, ശ്രീപാര്‍വ്വതി ‘’കാളി’‘യുമായി.
ശിവരാത്രി
ഹിന്ദുക്കളുടെ ഒരു വിശേഷദിവസം. കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശി ദിവസമാണ് ശിവരാത്രി ആഘോഷിക്കുന്നത്. ദേവാസുരന്മാര്‍ ഒത്തുചേര്‍ന്ന് പാലാഴി കടഞ്ഞപ്പോഴുണ്ടായ കാളകൂടമെന്ന ഭയങ്കര വിഷം ലോകവിനാശം തടയാനായി ശിവന്‍ കുടിച്ചു. അതിനെത്തുടര്‍ന്ന് ശിവനുണ്ടായ ബോധക്ഷയത്തെ സൂചിപ്പിക്കുന്ന ദിനമാണിത്. ശ്രീപരമേശ്വരന്റെ ഈ അദ്ഭുത പ്രവര്‍ത്തി കണ്ട് ദേവ-ദൈത്യ-മാനവര്‍ ശിവനെ പ്രകീര്‍ത്തിച്ചു കൊണ്ട് രാത്രി മുഴുവന്‍ ഉറങ്ങാതെയിരുന്നു. അതിനു ശേഷം കടച്ചില്‍ തുടര്‍ന്നപ്പോള്‍ പാലാഴിയില്‍ നിന്ന്‍ അമൃത് ലഭിച്ചുവെന്നും അത് പാനം ചെയ്ത ദേവന്മാര്‍ ജനാനരമുക്തരായി ആരോഗ്യവും ഓജസ്സും വീണ്ടെടുത്തുവെന്നുമാണ് ഐതിഹ്യം.
ദേഹാഹങ്കാരത്താല്‍ മനസ്സിനും, ബുദ്ധിക്കും ജരാനരകള്‍ ബാധിച്ച മനുഷ്യനെ അതില്‍ നിന്ന് മോചിപ്പിക്കാനായി ഭഗവാന്‍ നല്‍കിയ ദിവ്യജ്ഞാനത്തെ ബുദ്ധിയില്‍ മനനം ചെയ്യുമ്പോള്‍ ദുര്‍വികാരങ്ങള്‍ക്ക് അടിപ്പെട്ട മനസ്സില്‍ നിന്ന് ആദ്യം വിഷം വമിച്ചേക്കാം. എന്നാല്‍ ഭയപ്പെടാതെ അത് ഈശ്വരനില്‍ സമര്‍പ്പിച്ചാല്‍ ഈശ്വരന്‍ അത് സ്വയം സ്വീകരിക്കുന്നു. പിന്നീട് ബുദ്ധിയില്‍ ഉദയം ചെയ്യുന്ന ഈശ്വരീയ ജ്ഞാനത്തിന്റെ അമൃതം മനസ്സിനെ ബാധിച്ച സര്‍വ്വജരാനരകളും നീക്കി, അതിനെ ശക്തമാക്കി ജീവിതം സുഖ- ശാന്തിമയമാക്കുന്നു.
അതുകൊണ്ടു തന്നെ ഇന്നും ശിവഭക്തന്മാര്‍ ദിവസം മുഴുവന്‍ ഉറങ്ങാതെ ഉപവസിച്ച്, രാത്രി ഉറങ്ങാതെ ഈ ദിനത്തില്‍ ശിവപൂജ ചെയ്തുകൊണ്ടിരിക്കുന്നു. ശിവരാത്രിവ്രതം അനുഷ്ഠിക്കുന്നതുകൊണ്ട് മോക്ഷം ലഭിക്കുമെന്ന വിശ്വാസവും പ്രബലമാണ്. പ്രാദേശികമായ ചില വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ഇന്ത്യയൊട്ടാകെ ശിവരാത്രി ആഘോഷിക്കാറുണ്ട്. കേരളത്തിലെ ആലുവ ശിവരാത്രി പ്രസിദ്ധമാണ്.
ശിവരാത്രിയെക്കുറിച്ച് വേറെയും സങ്കല്‍പ്പങ്ങളുണ്ട്. സര്‍ഗശക്തി ഉറങ്ങുന്ന ദിവസമാണിതെന്നാണ് മറ്റൊരു സങ്കല്‍പ്പം. ആ സമയത്ത് ഉണര്‍ന്നിരുന്ന് സര്‍ഗശക്തിയെ സ്മരിക്കുന്നവര്‍ക്ക് മൂന്നാമതൊരു കണ്ണു കൂടി (ജ്ഞാന നേത്രം) ലഭിക്കുമത്രേ!!
ഏവര്‍ക്കും ശിവരാത്രി ആശംസകള്‍..!!
അവലംബം : പുരാണിക് എന്‍സൈക്ലോപീഡിയ
Subscribe to:
Post Comments (Atom)
No comments:
Post a Comment