Monday, May 3, 2010

തൃശൂര്‍ പൂരം


തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തെ കേന്ദ്രീകരിച്ച് നടത്തിവരുന്ന ആഘോഷം. കേരളത്തിലെ പൂരങ്ങളില്‍ ഏറ്റവും പ്രസിദ്ധമായ ഈ പൂരം മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് ആഘോഷിക്കുന്നത്. തൃശൂര്‍ നഗരത്തിന്റെ സംവിധായകനായ ശക്തന്തമ്പുരാന്‍ തന്നെയാണ് തൃശൂര്‍ പൂരത്തിനും രൂ‍പം കൊടുത്തത്. തൃശൂര്‍ പൂരം ആഘോഷിക്കാന്‍ തുടങ്ങിയത് 1797-ല്‍ ആണ്.(കൊല്ലവര്‍ഷം : 972). അതേവരെ തൃശൂരിലും പരിസരങ്ങളിലുമുള്ള ക്ഷേത്രങ്ങള്‍ മീനമാസത്തിലെ പൂരത്തിന്റെ അന്ന് തൃശൂരില്‍ നിന്ന് 14 കി.മീ തെക്കുള്ള ആറാട്ടുപുഴയിലെ വിശാലമായ പാടത്ത് വിഗ്രഹം എഴുന്നള്ളിച്ച് എത്തിച്ചേര്‍ന്ന് പൂരം ആഘോഷിക്കുകയായിരുന്നു പതിവ്.

കൊല്ലവര്‍ഷം 972-ല്‍ (എ.ഡി.1797) മണലിപ്പുഴയില്‍ ഉണ്ടായ വെള്ളപ്പൊക്കം മൂലം പാടത്ത് മേളിക്കാന്‍ സാധിക്കതെ, തൃശൂരില്‍ നിന്നു വന്ന പൂരങ്ങള്‍ ഒരു ചക്കാലിയപ്പുരയില്‍ ഇറക്കിയെഴുന്നള്ളിക്കാന്‍ ഇടയായി. അതിനു പ്രായശ്ചിത്തമായി പുണ്യാഹം നടത്തണമെന്ന് തന്ത്രി നിര്‍ദ്ദേശിച്ചു. തൃശൂര്‍ പൂരങ്ങള്‍ അതിനു വഴങ്ങാതെ തിരിച്ചു പോയി. പിന്നീട് തൃശൂര്‍ക്കാരെ പങ്കെടുപ്പിക്കേണ്ടതില്ലെന്നും തീരുമാനമായി. വിവരം അറിഞ്ഞ ശക്തന്‍ തമ്പുരാന്‍ - “ഇനി മുതല്‍ തൃശൂരെ പൂരങ്ങള്‍ വടക്കുംനാഥന്റെ സന്നിധിയില്‍ വെച്ച് നടത്തിയാല്‍ മതി” - എന്നു കല്‍പ്പിക്കുകയും അതിനു വേണ്ട ചിട്ടകള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. അക്കൊല്ലം തന്നെ മേടമാസത്തിലെ പൂരം നക്ഷത്രത്തില്‍ തൃശൂരിലും പരിസരങ്ങളിലുമുള്ള ക്ഷേത്രങ്ങളില്‍ നിന്ന് വിഗ്രഹങ്ങള്‍ വഹിച്ചു കൊണ്ടുള്ള വടക്കുന്നാഥ ക്ഷേത്രപ്പറമ്പിലെത്തി ഗംഭീരമായ രീതിയില്‍ തൃശൂര്‍ പൂരം ആഘോഷിച്ചു. അധികം ചടങ്ങുകളില്ലാതെ നാനാ മതസ്ഥര്‍ ഒത്തുകൂടുന്ന ആഘോഷവും കച്ചവടവും അന്നും ഉണ്ടായിരുന്നു. അന്നുമുതല്‍ കൊല്ലംതോറും തൃശൂര്‍ പൂരം ആഘോഷിച്ചു വരുന്നു.

തൃശൂര്‍ പൂരത്തിന് പ്രധാനമായി നാല് ചടങ്ങാണുള്ളത്:
1.തിരുവമ്പാടി ഭഗവതിയെ എഴുന്നള്ളിച്ചു കൊണ്ട് ബ്രഹ്മസ്വം മഠത്തില്‍ നിന്നുള്ള വരവ്.
2. പാറമേക്കാവ് ഭഗവതിയെ എഴുന്നള്ളിച്ച് വടക്കുംനാഥ ക്ഷേത്രത്തിലെത്തിയ ശേഷം കൂത്തമ്പലത്തിന്റെ മുന്നില്‍ വച്ചു നടത്തുന്ന ‘ഇലഞ്ഞിത്തറമേളം‘.
3. തെക്കോട്ടിറക്കവും കുടമാറ്റവും.
4. കരിമരുന്നു പ്രയോഗം.

ഇതിനിടയില്‍ ചെമ്പൂക്കവ്, ചൂരക്കോട്ടുകാവ്, നൈതിലിക്കാവ്, ലാലൂര്‍ക്കാവ്, അയ്യന്തോള്‍ കാവ്, കണിമംഗലം ക്ഷേത്രം, കാരമുക്ക് ക്ഷേത്രം എന്നീ ഏഴു ദേശക്ഷേത്രങ്ങളില്‍ നിന്നുള്ള എഴുന്നള്ളത്തുകളുമുണ്ട്.പകല്‍ പതിനൊന്നു മണിയോടെയാണ് തിരുവമ്പാടിക്കരുടെ മഠത്തില്‍ നിന്നുള്ള വരവ്. കേരളത്തിലെ പ്രസിദ്ധരായ പഞ്ചവാദ്യ വിദഗ്ധര്‍ നടത്തുന്ന പഞ്ചവാദ്യമാണ് ഈ എഴുന്നള്ളത്തിലെ ഏറ്റവും ആകര്‍ഷകമായ ഇനം. ഉച്ചയോടു കൂടിയാണ് പാറമേക്കാവുകാരുടെ എഴുന്നള്ളിപ്പും ഇലഞ്ഞിത്തറമേളവും. ഈ മേളത്തില്‍ മറ്റൊരു കൂട്ടം പ്രസിദ്ധ വാദ്യക്കാര്‍ പങ്കെടുക്കുന്നു. ഇവിടെ മേളം പഞ്ചാരിയാണ്.

തൃശൂര്‍ പൂരത്തിന് മിഴിവു നല്‍കുന്നതില്‍ പാറമേക്കാവുകാരും തിരുവമ്പാടിക്കരും തമ്മിലുള്ള മത്സരം പ്രധാന പങ്കുവഹിക്കുന്നു. വാദ്യപ്രയോഗത്തിലും എഴുന്നള്ളിക്കുന്ന ആനയുടെ കാര്യത്തിലും തങ്ങള്‍ മികച്ചു നില്‍ക്കണം എന്ന് ഓരോ വിഭാഗവും നിഷ്കര്‍ഷിക്കുന്നു. മത്സരം മുഖാഭിമുഖമായി നില്‍ക്കുന്ന കൂടിക്കഴ്ചയേയും രാത്രിയില്‍ നടക്കുന്ന കരിമരുന്നു പ്രയോഗത്തേയും മികവുറ്റതാക്കുന്നു. തിരുവമ്പാടി പക്ഷവും പാറമേക്കാവു പക്ഷവും 15 വീതം ആനകളെ നെറ്റിപ്പട്ടം കെട്ടിച്ച് മുഖാഭിമുഖമായി നിര്‍ത്തുകയും രണ്ടു പക്ഷക്കാരും ആനപ്പുറത്തിരുന്ന് വിവിധ വര്‍ണ്ണത്തിലുള്ള മുത്തുക്കുടകള്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു. “കുടമാറ്റം” എന്നാണ് തെക്കോട്ടിറക്കത്തെ തുടര്‍ന്നുള്ള ഈ ചടങ്ങ് അറിയപ്പെടുന്നത്. ദിഗന്തങ്ങള്‍ കുലുങ്ങുമാറ് രണ്ടു പക്ഷവും മത്സരിച്ചു നടത്തുന്ന കരിമരുന്നു പ്രയോഗമാണ് തൃശൂര്‍ പൂരത്തിലെ ഏറ്റവും ആകര്‍ഷകമായ ഇനം. പൂരത്തോടനുബന്ധിച്ച് നടത്തുന്ന എക്സിബിഷനും ധാരാളം ആളുകളെ ആകര്‍ഷിക്കുന്നുണ്ട്.

മതസൌഹാര്‍ദ്ദം തുളുമ്പുന്ന, നാ‍നാ മതസ്ഥര്‍ ഒന്നിച്ചാഘോഷിക്കുന്ന നാടിന്റെ ഉത്സവമായി ‘തൃശൂര്‍ പൂരം‘ എന്നും നിലനില്‍ക്കട്ടെ..!!
കടപ്പാട് : നിശാഗന്ധി പബ്ലിക്കേഷന്‍സ്

Friday, April 9, 2010

വിഷു വിശേഷങ്ങളിലൂടെ....


വിഷുവിനെ സംബന്ധിച്ച് നിരവധി കഥകള്‍ പറഞ്ഞു കേള്‍ക്കുന്നുണ്ട്. അതിലൊന്ന്, ഈ ദിവസമാണത്രേ രാവണവധം നടന്നത്. സൂര്യചന്ദ്രന്മാരടക്കം ജ്യോതിര്‍ഗോളങ്ങളും ദേവന്മാരുമെല്ലാം രാവണന്റെ ചൊല്‍പ്പടിയിലായിരുന്നുവല്ലോ. മനുഷ്യര്‍ക്കൊപ്പം ദേവന്മാരും ഈ ദിവസം ആഘോഷിക്കുന്നുണ്ടത്രേ!

വിഷുവിനെ സംബന്ധിച്ച പ്രസിദ്ധമായ മറ്റൊരു കഥ ഇനി പറയാം. ഒരിക്കല്‍ ഹിരണ്യാക്ഷന്‍ എന്ന അസുരന്‍ ഭൂമീദേവിയെ അപഹരിച്ചുകൊണ്ട് പാതാളത്തിലേക്ക് ഓടിപ്പോയി. ഒരു പന്നിയുടെ രൂപം ധരിച്ചാണ് അയാള്‍ ഭൂമീദേവിയെ തട്ടിക്കൊണ്ടു പോയത്. ഓടിപ്പോകുന്നതിനിടെ അസുരന്റെ തേറ്റയുമായുണ്ടായ സമ്പര്‍ക്കത്തില്‍ ഭൂമീദേവി ഗര്‍ഭിണിയായി. കാലക്രമത്തില്‍ അതിശക്തനായ ഒരു ശിശുവിന് ജന്മം നല്‍കുകയും ചെയ്തു. ആ ശിശുവാണ് നരകാസുരന്‍ . ഭൂമീദേവി തന്റെ ശിശുവിനേയുമെടുത്ത് മഹാവിഷ്ണുവിന്റെ സവിധത്തിലെത്തി. അസുരപുത്രനാണെങ്കിലും ഭൂമീദേവിയുടെ പുത്രനാണല്ലോ എന്നതുകൊണ്ട് മനസ്സലിഞ്ഞ മഹാവിഷ്ണു ആ ശിശുവിന് ‘നാരായണാസ്ത്രം’ എന്ന ദിവ്യാസ്ത്രം നല്‍കി അനുഗ്രഹിക്കുകയും ചെയ്തു. മാത്രമല്ല, ആ ദിവ്യാസ്ത്രം കൈയിലുള്ളിടത്തോളം കാലം തനിക്കല്ലാതെ മറ്റാര്‍ക്കും ആ അസുരനെ വധിക്കുവാന്‍ സാധിക്കില്ലെന്ന വരവും നല്‍കി.

പക്ഷേ വളര്‍ന്നു വലുതായി രാജാവായതോടെ ‘നരകാസുരന്‍ ‘ തന്റെ ആസുരസ്വഭാവം കാണിക്കാന്‍ തുടങ്ങി. പ്രാഗ്ജ്യോതിഷം എന്ന നഗരം ആസ്ഥാനമാക്കി അയാള്‍ ഭരണം തുടങ്ങി. ആ അസുരന്‍ ബലശാലികളായ അനവധി അസുരന്മാരെ സേനാ നായകരാക്കി ദേവന്മാരേയും മറ്റും പല തവണ ഉപദ്രവിക്കുകയും പതിനാറായിരത്തില്‍ പരം ദേവ-മനുഷ്യസ്ത്രീകളെ അപഹരിച്ച് തന്റെ ഭാര്യമാരാക്കുകയും ചെയ്തു.
ഇങ്ങനെ നരകാസുരന്റെ ശല്യം സഹിക്കവയ്യാതായതോടെ ദേവന്മാരും മറ്റും ദ്വാരകയിലെത്തി ശ്രീകൃഷ്ണനെ കണ്ട് സങ്കടമുണര്‍ത്തിച്ചു. ശ്രീകൃഷ്ണന്‍ ഗരുഡാരൂഢനായി പ്രാഗ്ജ്യോതിഷത്തില്‍ എത്തുകയും നരകാസുരനേയും മറ്റസുരന്മാരേയും കൊന്നൊടുക്കുകയും ചെയ്തു. നരകാസുര വധത്തിന്റെ സ്മരണ പുതുക്കലാണ് വിഷു ആഘോഷം എന്ന് പറയപ്പെടുന്നു.

വിഷുക്കണി ശ്രീകൃഷ്ണനുമായാണ് കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നത്. വിഷുക്കണിയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണല്ലോ കൊന്നപ്പൂ. കൃഷ്ണന്റെ അരയിലെ സ്വര്‍ണ്ണക്കിങ്ങിണിയാണത്രേ കൊന്നപ്പൂവായി രൂപം പ്രാപിച്ചിരിക്കുന്നത്.

കടപ്പാട് : മാതൃഭൂമി

Monday, March 1, 2010

ഹോളി : നിറങ്ങളുടെ ഉത്സവം


ദീപാവലിയും ദസ്സറയും പോലെ ദേശീയ പ്രാധാന്യമുള്ള ഒരു ഉത്സവമാണ് ഹോളി. ഫാല്‍ഗുന പൌര്‍ണമി ദിവസമാണ് ഇത് ആഘോഷിക്കുന്നത്. കേരളം പോലുള്ള ചില ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളൊഴിച്ച്, ഇന്ത്യയൊട്ടാകെ ഇത് കൊണ്ടാടി വരുന്നു. വിദേശങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാര്‍ പോലും ഹോളി ആഘോഷിക്കാറുണ്ട്.

ആഹ്ലാദത്തിന്റെ ഉത്സവമാണ് ഹോളി. പഴയ വിഷാദവും, വിരോധങ്ങളും കഴുകി കളയുന്ന ഉത്സവമാണിത്. ഹോളി ദിവസം ആബാലവൃദ്ധം ജനങ്ങള്‍ ചായം കലക്കിയ വെള്ളത്തില്‍ കുളിച്ചിരിക്കും. മുഖത്തും തലയിലുമെല്ലാം നിറമുള്ള പൌഡര്‍ പൂശിയിരിക്കും. അന്ന് തെരു വീഥികളിലെങ്ങും പാട്ടു പാടി നൃത്തം ചെയ്യുന്ന യുവസംഘങ്ങളെ കാണാം. പാട്ടിന് അകമ്പടിയായി ചെണ്ടയും കൈമണിയും ഉണ്ടായിരിക്കും. സംഘാംഗങ്ങള്‍ പരസ്പരം ആശ്ലേഷിക്കുകയും ഗുലാല്‍ പൊടി തേക്കുകയും ചെയ്യും. വഴിയാത്രക്കാരേയും വെറുതെ വിട്ടെന്നു വരില്ല. എല്ലാവര്‍ക്കും ലഹരിയാണ്. ഇതില്‍ പങ്കുചേരേണ്ട മര്യാദ എല്ലാവര്‍ക്കുമുണ്ട്. ശ്രീകൃഷ്ണന്റെ കുസൃതിയുടെ അനുകരണമാണ് ഇവ എന്ന് പറയാറുണ്ട്.

ഹോളി വസന്തോത്സവമാണ്. ജീവിതത്തിന്റെ നവ ചൈതന്യത്തെയാണ് അതു കാണിക്കുന്നത്. മരങ്ങളും ചെടികളും തളിരും പൂവുമണിയുന്ന കാലം. കൃഷിക്കാരനാണെങ്കില്‍ വിളവെടുപ്പുത്സവമാണിത്. ശൈത്യവിള കൊയ്യാന്‍ പാകത്തിലെത്തിയിരിക്കുന്നു. സ്വര്‍ണനിറമുള്ള ഗോതമ്പുമണികള്‍ കൃഷിക്കാരന്റെ ഹൃദയത്തെ മത്താടിക്കുന്നു. അതോടൊപ്പം ഹോളി നവവത്സരത്തിന്റെ വരവിനേയും കാണിക്കുന്നുണ്ട്. ഇന്ത്യയിലെ ചില ജ്യോതിഷക്കാ‍രുടെ കണക്കനുസരിച്ച്, ഹോളിത്തീയ് കത്തിച്ച് രണ്ട് ദിവസം കഴിഞ്ഞാണ് പുതുവത്സരം പിറക്കുന്നത്. ഇംഗ്ലീഷ് കലണ്ടറനുസരിച്ച് ,ഹോളി ഫെബ്രുവരി-മാര്‍ച്ചില്‍ എപ്പോഴെങ്കിലുമായിരിക്കും.

ശ്രീപരമേശ്വരന്റെ വിവാഹ ഘോഷയാത്രയുടെ ഓര്‍മ്മയ്ക്കായിട്ടാണ് ഹോളി കൊണ്ടാടുന്നതെന്നൊരു വിശ്വാസമുണ്ട്. മുഖത്ത് ചായം തേയ്ക്കുന്നതും, നിറമുള്ള വെള്ളത്തില്‍ അഭിഷേകം ചെയ്യുന്നതും, മൃദംഗം കൊട്ടി നൃത്തം ചെയ്യുന്നതും ശിവപ്രീതിക്ക് വേണ്ടിയാണത്രേ! പ്രസിദ്ധമായ മറ്റൊരു കഥ പ്രഹ്ലാദകുമാരനേയും ഹിരണ്യകശിപുവിനേയും സംബന്ധിച്ച് ഉള്ളതാണ്:-

ഹിരണ്യന്‍ കരുത്തനും ദുഷ്ടനുമായ അസുരചക്രവര്‍ത്തിയായിരുന്നു.അയാള്‍ ദേവന്മാരുമായി യുദ്ധം നടത്തി അവരെ കീഴ്പ്പെടുത്തി. ഈ വിജയം അയാളെ മത്തനാക്കി. തുടര്‍ന്ന് ലോകനായകനായ മഹാവിഷ്ണുവിനെ ആരും ഭജിച്ചു പോകരുതെന്നും, എല്ലാവരും ‘ഹിരണ്യായ നമ:’ എന്ന് ജപിച്ചുകൊള്ളണമെന്നും അയാള്‍ കല്പനയിറക്കി. ഇതു ലംഘിക്കുന്നവരെ കഠിനമായി ശിക്ഷിക്കുമെന്നും ഹിരണ്യന്‍ താക്കീതു നല്‍കി. അങ്ങനെ പ്രജകള്‍ നാരായണനെ വിട്ട് ഹിരണ്യനെ പൂജിച്ചു തുടങ്ങി.

എന്നാല്‍ ഹിരണ്യകശിപുവിന്റെ പുത്രനായ പ്രഹ്ലാദന്‍ തികഞ്ഞ വിഷ്ണു ഭക്തനായിരുന്നു. അവന്‍ അച്ഛന്റെ ആജ്ഞയെ ലംഘിച്ച് മഹാവിഷ്ണുവിനെത്തന്നെ ഭജിച്ചുകൊണ്ടിരുന്നു. ഇതറിഞ്ഞ ഹിരണ്യന്‍, മകനെ ആദ്യം ഗുണദോഷിച്ചു. അതു ഫലിക്കാതെ വന്നപ്പോള്‍ പലവിധത്തിലും ശിക്ഷിച്ചു. പക്ഷേ ഇതുകൊണ്ടൊന്നും ഫലമുണ്ടായില്ല. ഹിരണ്യകശിപുനിന് ഹോളിക എന്ന സഹോദരിയുണ്ടായിരുന്നു. അഗ്നി അവളെ തൊടുമായിരുന്നില്ലത്രേ. പ്രഹ്ലാദനെ മടിയിലില്‍ വെച്ച് തീയിലിരിക്കാന്‍ ഹോളികയോട് ഹിരണ്യന്‍ ആജ്ഞാപിച്ചു. അവള്‍ അങ്ങനെ ചെയ്തു. എന്നാല്‍ അദ്ഭുതമെന്നു പറയട്ടെ, അഗ്നി സ്പര്‍ശമേല്‍ക്കാതെ പ്രഹ്ലാദന്‍ രക്ഷപ്പെടുകയും ഹോളിക തീയില്‍ വെന്തു ചാമ്പലാവുകയും ചെയ്തു. ഈ സംഭവത്തെ ആദരിച്ചാണ് ഹോളി കൊണ്ടാടുന്നതെന്നും, ഹോളിത്തീയ് കത്തിക്കുന്നതെന്നും പറയപ്പെടുന്നു.


ഹോളിയുടെ തലേന്ന്, ജനങ്ങള്‍ ഹോളിത്തീയ് കത്തിക്കാനുള്ള വിറക് ശേഖരിക്കുന്നു. ഹോളി രാത്രിയില്‍ അവര്‍ വിറക് കൂനയ്ക്ക് ചുറ്റും കൂടി ചെണ്ടകൊട്ടി നൃത്തം വെച്ചുകൊണ്ട് അതിന് തീ കൊളുത്തുന്നു. ആ തീയുടെ ചുറ്റും കുട്ടികള്‍ നൃത്തം വെച്ചുകൊണ്ട് പാടും....
ഹോളിയമ്മേ തന്നാട്ടെ
ഞങ്ങള്‍ക്കെല്ലാമാശിസ്സ്,
ആയിരമാണ്ടത്തെയായുസ്സ്!!

ആചാരങ്ങളും രീതികളും വ്യത്യസ്തമാണെങ്കിലും ഹോളി ആഘോഷപൂര്‍വ്വം കൊണ്ടാടുന്നുണ്ട്. ആചാരങ്ങളുടെ ചങ്ങലക്കെട്ടില്‍ നിന്ന് സ്വയം മുക്തരാകാനുള്ള ആവേശമാണ് ഹോളിദിവസം ജനങ്ങള്‍ പ്രകടിപ്പിക്കുന്നത്. ശ്വാസം മുട്ടിക്കുന്ന പലവിധ ഉത്തരവാദിത്വങ്ങളില്‍ നിന്നും കുറച്ചുനേരത്തേക്കെങ്കിലും ഒഴിഞ്ഞുനില്‍ക്കാനുള്ള പ്രവണതയും അതില്‍ പ്രകടമാണ്.

ഏവര്‍ക്കും ഹൃദയം നിറഞ്ഞ ‘ഹോളി‘ ആശംസകള്‍...!!
കടപ്പാട് : നാഷണല്‍ ബുക്ക് ട്രസ്റ്റ്, ഇന്ത്യ

Saturday, February 27, 2010

വിവാഹം പല വിധം..!!


സ്ത്രീധന വിവാഹങ്ങളും രജിസ്റ്റര്‍ വിവാഹങ്ങളും ഇന്ന് നമ്മുടെ നാട്ടില്‍ സര്‍വ്വസാധാരണമാണ്. ഇവ രണ്ടും രണ്ടു തരത്തിലുള്ളവയാണ് . പഴയ കാലത്തെ വിവാഹങ്ങളുമായി താരതമ്യം ചെയ്യുകയാണെങ്കില്‍, ഇതില്‍ ആദ്യത്തേതിനെ ‘പ്രാജാപത്യം‘ എന്നും മറ്റേതിനെ ‘ഗാന്ധര്‍വ്വം‘ എന്നും വിളിക്കാം. രണ്ടും അനുവദനീയം തന്നെ. എന്നാല്‍ ബലാല്‍ സ്ത്രീധനം ആവശ്യപ്പെടുന്നത് ‘രാക്ഷസീയ‘ത്തിന് തുല്ല് യമാണ്. പ്രാചീനകാലത്ത് ബ്രാഹ്മം, ദൈവം, ആര്‍ഷം, പ്രാജാപത്യം, ഗാന്ധര്‍വ്വം, ആസുരം, രാക്ഷസം, പൈശാചം എന്നിങ്ങനെ എട്ട് തരം വിവാഹങ്ങളാണ് നിലനിന്നിരുന്നത്. ഓരോന്നിന്റെയും സവിശേഷതകള്‍ പരിശോധിക്കാം.

1. ബ്രാഹ്മം:-
പിതാവ്, കുലഗുണവും ശീലഗുണവുമുള്ള പുരുഷന് കന്യകയെ വിളിച്ച് കൊടുക്കുന്ന വിവാഹത്തിന് ‘ബ്രാഹ്മം‘ എന്ന് പേര്‍ പറയുന്നു.

2. ദൈവം:-
പിതാവ് പുത്രിയെ യാഗസമയത്ത് പുരോഹിതന് നല്‍കുന്നതിനെയാണ് ‘ദൈവ‘വിവാഹം എന്ന് പറയുന്നത്..

3. ആര്‍ഷം:-
കന്യകയെ നല്‍കി പകരം പശുവിനെയോ, കാളകളെയോ വാങ്ങി ചെയ്യുന്ന കന്യാദാനത്തിനെ ‘ആര്‍ഷം‘ എന്നു പറയുന്നു.

4. പ്രാജാപത്യം:-
കന്യകയെ തരണമെന്ന് അപേക്ഷിച്ച പുരുഷന്, ധര്‍മ്മസാധനത്തിനായി പിതാവ് പുത്രിയെ അനുഗ്രഹിച്ച് വിവാഹം ചെയ്ത് കൊടുക്കുന്നതിനെ ‘പ്രാജാപത്യം‘ എന്ന് പറയുന്നു.(ധനവും നല്‍കാം)

5. ഗാന്ധര്‍വ്വം:-
കാമിച്ച കന്യകയെ ആരോടും ആലോചിക്കതെ കാമുകന്‍ സ്വീകരിക്കുന്നത് ‘ഗാന്ധര്‍വ്വം‘. അന്യോന്യം തുല്ല്യാനുരാഗത്തോടെ ചെയ്യുന്ന വിവാഹമാണിത്.

6. ആസുരം:-
പുരുഷന്‍ കന്യകയെ പിതാവിനോടു വിലയ്ക്ക് വാങ്ങുന്നത് ‘ആസുരം‘.

7. രാക്ഷസം:-
യുദ്ധം ചെയ്ത് ബലാല്‍ക്കാരമായി കന്യകയെ അപഹരിക്കുന്നത് ‘രാക്ഷസം‘.

8. പൈശാചികം:-
സ്ത്രീ ഉറങ്ങുമ്പോഴോ, ബോധമില്ലാതിരിക്കുമ്പോഴോ അവളെ ബലാല്‍ ഭാര്യയാക്കുന്നത് ‘പൈശാചികം‘.

Friday, February 12, 2010

ശിവരാത്രി മാഹാത്മ്യം


ദുര്‍വ്വാസാവ് ദേവലോകത്ത്
ശിവന്റെ അംശമായ ദുര്‍വ്വാസാവ് ഒരിക്കല്‍ വനത്തില്‍ കൂടി സഞ്ചരിച്ചു കൊണ്ടിരുന്ന അവസരത്തില്‍ മേനക എന്ന അപ്സരസിന്റെ കൈയില്‍ കല്പക വൃക്ഷത്തിന്റെ പുഷ്പങ്ങള്‍ കൊണ്ട് കോര്‍ത്ത ഒരു ദിവ്യ മാല കണ്ടു. ആ മാ‍ലയുടെ പരിമളം കാട് മുഴുവന്‍ വ്യാപിച്ചു. ദുര്‍വ്വാസാവ് അവരുടെ അടുക്കല്‍ ചെന്ന് ആ മാല അപേക്ഷിച്ചു. അവള്‍ വിനയപൂര്‍വ്വം അദ്ദേഹത്തെ നമസ്കരിച്ച് മാല സംഭാവന ചെയ്തു.
ആ മാലയുമായി ദുര്‍വ്വാസാവ് ദേവലോകത്തെത്തി. ഇന്ദ്രന്‍ ഐരാവതത്തിന്റെ മുകളില്‍ കയറി, ദേവകളോടു കൂടി വരുന്നത് കണ്ട ദുര്‍വ്വാസാവ് , പൂന്തേന്‍ നുകര്‍ന്ന് മദം പൂണ്ട കരിവണ്ടുകളോടു കൂടിയ ആ പൂമാല തന്റെ ശിരസില്‍ നിന്നെടുത്ത് ദേവരാജാവിന് സമ്മാനിച്ചു. ഇന്ദ്രനാകട്ടെ ആ മാലയെടുത്ത് ഐരാവതത്തിന്റെ മസ്തകത്തില്‍ വെച്ചു. മദയാന മാലയുടെ സൌരഭ്യം കൊണ്ട് ആകൃഷ്ടനായി അതിന്റെ തുമ്പികൈയിലെടുത്ത് ഒന്നു മണത്തുനോക്കി നിലത്തേക്കെറിഞ്ഞു.

ദേവന്മാര്‍ക്ക് ദുര്‍വ്വാസാവിന്റെ ശാപം
ഇന്ദ്രന്‍ മാലയെ അനാദരിച്ചതുകണ്ട് കുപിതനായ ദുര്‍വ്വാസാവ് ഇങ്ങനെ ശപിച്ചു: “മൂഢ! ഞാന്‍ തന്ന ഈ മാലയെ അനാദരിച്ചതുകൊണ്ട് ദേവലോകത്തിന്റെ ഐശ്വര്യം നശിച്ചു പോകും” അന്നു മുതല്‍ ദേവലോകത്തിന്റെ ഐശ്വര്യം നശിച്ചു തുടങ്ങി. ചെടികളും വള്ളികളും കൂടി ക്ഷയിച്ചു പോയി. യാഗങ്ങള്‍ നടക്കാതെയായി. ദേവന്മാര്‍ക്ക് ജരാനരകള്‍ ബാധിച്ചു. ഈ ക്ഷീണാവസ്ഥ കണ്ട് അസുരന്മാര്‍ ദേവന്മാരെ എതിര്‍ക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. അസുരന്മാരുടെ ആക്രമണത്തില്‍ പെട്ട് ദേവന്മാര്‍ വിവശരായി.

ദേവന്മാര്‍ വിഷ്ണുവിനെ ശരണം പ്രാപിക്കുന്നു
ദേവന്മാര്‍ അഗ്നിദേവനെ മുന്‍ നിര്‍ത്തി കൊണ്ട് ബ്രഹ്മാവിനെ ശരണം പ്രാപിച്ചു. ബ്രഹ്മാവ് അവരെ മഹാവിഷ്ണുവിന്റെ അടുത്തേയ്ക്ക് നയിച്ചു. എല്ലാവരും കൂടി വിഷ്ണുവിനെ സ്തുതിച്ചു. വിഷ്ണു പ്രത്യക്ഷനായി അവരോട് ഇങ്ങനെ അരുളി ചെയ്തു: “അല്ലയോ ദേവഗണങ്ങളേ, നിങ്ങളുടെ തേജസിനെ ഞാന്‍ വര്‍ദ്ധിപ്പിക്കാം.ഞാന്‍ പറയുന്നത് നിങ്ങള്‍ ചെയ്യുക. നിങ്ങള്‍ അസുരന്മാരോടു കൂടി പലവിധത്തിലുള്ള ഔഷധികളും കൊണ്ടുവന്ന് പാലാഴിയില്‍ ഇട്ട്, മഹാമേരു പര്‍വ്വതത്തെ കടക്കോലും, വാസുകിയെ കയറുമാക്കി അമൃതം കടഞ്ഞെടുക്കുക. സമുദ്രം കടയുമ്പോള്‍ അതില്‍ നിന്നുണ്ടാകുന്ന അമൃതം പാനം ചെയ്താല്‍ നിങ്ങള്‍ ബലവാന്മാരും, മരണമില്ലാത്തവരും ആയിത്തീരും.”

അമൃതമഥനം ആരംഭിക്കുന്നു
വിഷ്ണുവിന്റെ നിര്‍ദ്ദേശാനുസാരം ദേവന്മാര്‍ അസുരന്മാരോട് സന്ധിചെയ്ത് അമൃതത്തിനായി പ്രയത്നിച്ചു തുടങ്ങി. മന്ഥരപര്‍വ്വതത്തെ കടക്കോലും വാസുകിയെ കയറുമാക്കി വേഗത്തില്‍ സമുദ്രം കടഞ്ഞു തുടങ്ങി. മഥനം ഉല്‍ക്കടമായതോടു കൂടി വാസുകിയുടെ വായില്‍ നിന്നും കരാളമായ കാളകൂടവിഷം പുറത്തു ചാടി. (കാളകൂടവിഷം പാലാഴിയില്‍ നിന്നും ഉയര്‍ന്നു വന്നതാണെന്നും അഭിപ്രായഭേദമുണ്ട് ) കാളകൂടവിഷം വലിയ പുകയും അഗ്നിജ്വാലകളും നിറഞ്ഞ് ജലപ്പരപ്പില്‍ കാണപ്പെട്ടു. അതിതീഷ്ണ ഗന്ധം തട്ടിയിട്ട് ത്രിലോകങ്ങളും മയങ്ങിപ്പോയി. അസുരന്മാര്‍ ഓടി. ദേവന്മാര്‍ ഭയന്നു. വിഷ്ണു ഭീരുത വെളിപ്പെടുത്താതെ സ്വന്തം ഇന്ദ്രിയങ്ങളെ മൂടി. ലോകമാകെ ദഹിച്ചു നശിക്കുമെന്ന നില വന്നു കൂടി.

ഇത്തരുണത്തില്‍ സാഹസികോഗ്രനായ രുദ്രമൂര്‍ത്തി ആ വിഷദ്രാവകം മുഴുവന്‍ വായ്ക്കകത്താക്കി. ഇതു കണ്ട് ഭയവിഹ്വലയായ പാര്‍വ്വതി, ഉദരത്തിലേക്ക് ഇറങ്ങാതിരിക്കാന്‍ ശിവകണ്ഠം ഞെക്കി മുറുക്കി പിടിച്ചു. വായില്‍ നിന്നും പുറത്തേയ്ക്ക് വരാതിരിക്കാന്‍ മഹാവിഷ്ണു വായ് പൊത്തി പിടിച്ചു. മേലോട്ടും കീഴോട്ടും ഗതിമുട്ടിയ വിഷം ശിവകണ്ഠത്തില്‍ നീലച്ഛായയായി പറ്റിപ്പിടിച്ചു. അങ്ങനെ പരമശിവന്‍ “നീലകണ്ഠ” നായിത്തീര്‍ന്നു. വിഷത്തിന്റെ ആവി തട്ടിയ മഹാവിഷ്ണു ‘’നീലവര്‍ണ്ണ‘’നും, ശ്രീപാര്‍വ്വതി ‘’കാളി’‘യുമായി.

ശിവരാത്രി
ഹിന്ദുക്കളുടെ ഒരു വിശേഷദിവസം. കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശി ദിവസമാണ് ശിവരാത്രി ആഘോഷിക്കുന്നത്. ദേവാസുരന്മാര്‍ ഒത്തുചേര്‍ന്ന് പാലാഴി കടഞ്ഞപ്പോഴുണ്ടായ കാളകൂടമെന്ന ഭയങ്കര വിഷം ലോകവിനാശം തടയാനായി ശിവന്‍ കുടിച്ചു. അതിനെത്തുടര്‍ന്ന് ശിവനുണ്ടായ ബോധക്ഷയത്തെ സൂചിപ്പിക്കുന്ന ദിനമാണിത്. ശ്രീപരമേശ്വരന്റെ ഈ അദ്ഭുത പ്രവര്‍ത്തി കണ്ട് ദേവ-ദൈത്യ-മാനവര്‍ ശിവനെ പ്രകീര്‍ത്തിച്ചു കൊണ്ട് രാത്രി മുഴുവന്‍ ഉറങ്ങാതെയിരുന്നു. അതിനു ശേഷം കടച്ചില്‍ തുടര്‍ന്നപ്പോള്‍ പാലാഴിയില്‍ നിന്ന്‍ അമൃത് ലഭിച്ചുവെന്നും അത് പാനം ചെയ്ത ദേവന്മാര്‍ ജനാനരമുക്തരായി ആരോഗ്യവും ഓജസ്സും വീണ്ടെടുത്തുവെന്നുമാണ് ഐതിഹ്യം.

ദേഹാഹങ്കാരത്താല്‍ മനസ്സിനും, ബുദ്ധിക്കും ജരാനരകള്‍ ബാധിച്ച മനുഷ്യനെ അതില്‍ നിന്ന് മോചിപ്പിക്കാനായി ഭഗവാന്‍ നല്‍കിയ ദിവ്യജ്ഞാനത്തെ ബുദ്ധിയില്‍ മനനം ചെയ്യുമ്പോള്‍ ദുര്‍വികാരങ്ങള്‍ക്ക് അടിപ്പെട്ട മനസ്സില്‍ നിന്ന് ആദ്യം വിഷം വമിച്ചേക്കാം. എന്നാല്‍ ഭയപ്പെടാതെ അത് ഈശ്വരനില്‍ സമര്‍പ്പിച്ചാല്‍ ഈശ്വരന്‍ അത് സ്വയം സ്വീകരിക്കുന്നു. പിന്നീട് ബുദ്ധിയില്‍ ഉദയം ചെയ്യുന്ന ഈശ്വരീയ ജ്ഞാനത്തിന്റെ അമൃതം മനസ്സിനെ ബാധിച്ച സര്‍വ്വജരാനരകളും നീക്കി, അതിനെ ശക്തമാക്കി ജീവിതം സുഖ- ശാന്തിമയമാക്കുന്നു.

അതുകൊണ്ടു തന്നെ ഇന്നും ശിവഭക്തന്മാര്‍ ദിവസം മുഴുവന്‍ ഉറങ്ങാതെ ഉപവസിച്ച്, രാത്രി ഉറങ്ങാതെ ഈ ദിനത്തില്‍ ശിവപൂജ ചെയ്തുകൊണ്ടിരിക്കുന്നു. ശിവരാത്രിവ്രതം അനുഷ്ഠിക്കുന്നതുകൊണ്ട് മോക്ഷം ലഭിക്കുമെന്ന വിശ്വാസവും പ്രബലമാണ്. പ്രാദേശികമായ ചില വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ഇന്ത്യയൊട്ടാകെ ശിവരാത്രി ആഘോഷിക്കാറുണ്ട്. കേരളത്തിലെ ആലുവ ശിവരാത്രി പ്രസിദ്ധമാണ്.

ശിവരാത്രിയെക്കുറിച്ച് വേറെയും സങ്കല്‍പ്പങ്ങളുണ്ട്. സര്‍ഗശക്തി ഉറങ്ങുന്ന ദിവസമാണിതെന്നാണ് മറ്റൊരു സങ്കല്‍പ്പം. ആ സമയത്ത് ഉണര്‍ന്നിരുന്ന് സര്‍ഗശക്തിയെ സ്മരിക്കുന്നവര്‍ക്ക് മൂന്നാമതൊരു കണ്ണു കൂടി (ജ്ഞാന നേത്രം) ലഭിക്കുമത്രേ!!

ഏവര്‍ക്കും ശിവരാത്രി ആശംസകള്‍..!!
അവലംബം : പുരാണിക് എന്‍സൈക്ലോപീഡിയ