Monday, March 1, 2010
ഹോളി : നിറങ്ങളുടെ ഉത്സവം
ദീപാവലിയും ദസ്സറയും പോലെ ദേശീയ പ്രാധാന്യമുള്ള ഒരു ഉത്സവമാണ് ഹോളി. ഫാല്‍ഗുന പൌര്‍ണമി ദിവസമാണ് ഇത് ആഘോഷിക്കുന്നത്. കേരളം പോലുള്ള ചില ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളൊഴിച്ച്, ഇന്ത്യയൊട്ടാകെ ഇത് കൊണ്ടാടി വരുന്നു. വിദേശങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാര്‍ പോലും ഹോളി ആഘോഷിക്കാറുണ്ട്.
ആഹ്ലാദത്തിന്റെ ഉത്സവമാണ് ഹോളി. പഴയ വിഷാദവും, വിരോധങ്ങളും കഴുകി കളയുന്ന ഉത്സവമാണിത്. ഹോളി ദിവസം ആബാലവൃദ്ധം ജനങ്ങള്‍ ചായം കലക്കിയ വെള്ളത്തില്‍ കുളിച്ചിരിക്കും. മുഖത്തും തലയിലുമെല്ലാം നിറമുള്ള പൌഡര്‍ പൂശിയിരിക്കും. അന്ന് തെരു വീഥികളിലെങ്ങും പാട്ടു പാടി നൃത്തം ചെയ്യുന്ന യുവസംഘങ്ങളെ കാണാം. പാട്ടിന് അകമ്പടിയായി ചെണ്ടയും കൈമണിയും ഉണ്ടായിരിക്കും. സംഘാംഗങ്ങള്‍ പരസ്പരം ആശ്ലേഷിക്കുകയും ഗുലാല്‍ പൊടി തേക്കുകയും ചെയ്യും. വഴിയാത്രക്കാരേയും വെറുതെ വിട്ടെന്നു വരില്ല. എല്ലാവര്‍ക്കും ലഹരിയാണ്. ഇതില്‍ പങ്കുചേരേണ്ട മര്യാദ എല്ലാവര്‍ക്കുമുണ്ട്. ശ്രീകൃഷ്ണന്റെ കുസൃതിയുടെ അനുകരണമാണ് ഇവ എന്ന് പറയാറുണ്ട്.
ഹോളി വസന്തോത്സവമാണ്. ജീവിതത്തിന്റെ നവ ചൈതന്യത്തെയാണ് അതു കാണിക്കുന്നത്. മരങ്ങളും ചെടികളും തളിരും പൂവുമണിയുന്ന കാലം. കൃഷിക്കാരനാണെങ്കില്‍ വിളവെടുപ്പുത്സവമാണിത്. ശൈത്യവിള കൊയ്യാന്‍ പാകത്തിലെത്തിയിരിക്കുന്നു. സ്വര്‍ണനിറമുള്ള ഗോതമ്പുമണികള്‍ കൃഷിക്കാരന്റെ ഹൃദയത്തെ മത്താടിക്കുന്നു. അതോടൊപ്പം ഹോളി നവവത്സരത്തിന്റെ വരവിനേയും കാണിക്കുന്നുണ്ട്. ഇന്ത്യയിലെ ചില ജ്യോതിഷക്കാരുടെ കണക്കനുസരിച്ച്, ഹോളിത്തീയ് കത്തിച്ച് രണ്ട് ദിവസം കഴിഞ്ഞാണ് പുതുവത്സരം പിറക്കുന്നത്. ഇംഗ്ലീഷ് കലണ്ടറനുസരിച്ച് ,ഹോളി ഫെബ്രുവരി-മാര്‍ച്ചില്‍ എപ്പോഴെങ്കിലുമായിരിക്കും.
ശ്രീപരമേശ്വരന്റെ വിവാഹ ഘോഷയാത്രയുടെ ഓര്‍മ്മയ്ക്കായിട്ടാണ് ഹോളി കൊണ്ടാടുന്നതെന്നൊരു വിശ്വാസമുണ്ട്. മുഖത്ത് ചായം തേയ്ക്കുന്നതും, നിറമുള്ള വെള്ളത്തില്‍ അഭിഷേകം ചെയ്യുന്നതും, മൃദംഗം കൊട്ടി നൃത്തം ചെയ്യുന്നതും ശിവപ്രീതിക്ക് വേണ്ടിയാണത്രേ! പ്രസിദ്ധമായ മറ്റൊരു കഥ പ്രഹ്ലാദകുമാരനേയും ഹിരണ്യകശിപുവിനേയും സംബന്ധിച്ച് ഉള്ളതാണ്:-
ഹിരണ്യന്‍ കരുത്തനും ദുഷ്ടനുമായ അസുരചക്രവര്‍ത്തിയായിരുന്നു.അയാള്‍ ദേവന്മാരുമായി യുദ്ധം നടത്തി അവരെ കീഴ്പ്പെടുത്തി. ഈ വിജയം അയാളെ മത്തനാക്കി. തുടര്‍ന്ന് ലോകനായകനായ മഹാവിഷ്ണുവിനെ ആരും ഭജിച്ചു പോകരുതെന്നും, എല്ലാവരും ‘ഹിരണ്യായ നമ:’ എന്ന് ജപിച്ചുകൊള്ളണമെന്നും അയാള്‍ കല്പനയിറക്കി. ഇതു ലംഘിക്കുന്നവരെ കഠിനമായി ശിക്ഷിക്കുമെന്നും ഹിരണ്യന്‍ താക്കീതു നല്‍കി. അങ്ങനെ പ്രജകള്‍ നാരായണനെ വിട്ട് ഹിരണ്യനെ പൂജിച്ചു തുടങ്ങി.
എന്നാല്‍ ഹിരണ്യകശിപുവിന്റെ പുത്രനായ പ്രഹ്ലാദന്‍ തികഞ്ഞ വിഷ്ണു ഭക്തനായിരുന്നു. അവന്‍ അച്ഛന്റെ ആജ്ഞയെ ലംഘിച്ച് മഹാവിഷ്ണുവിനെത്തന്നെ ഭജിച്ചുകൊണ്ടിരുന്നു. ഇതറിഞ്ഞ ഹിരണ്യന്‍, മകനെ ആദ്യം ഗുണദോഷിച്ചു. അതു ഫലിക്കാതെ വന്നപ്പോള്‍ പലവിധത്തിലും ശിക്ഷിച്ചു. പക്ഷേ ഇതുകൊണ്ടൊന്നും ഫലമുണ്ടായില്ല. ഹിരണ്യകശിപുനിന് ഹോളിക എന്ന സഹോദരിയുണ്ടായിരുന്നു. അഗ്നി അവളെ തൊടുമായിരുന്നില്ലത്രേ. പ്രഹ്ലാദനെ മടിയിലില്‍ വെച്ച് തീയിലിരിക്കാന്‍ ഹോളികയോട് ഹിരണ്യന്‍ ആജ്ഞാപിച്ചു. അവള്‍ അങ്ങനെ ചെയ്തു. എന്നാല്‍ അദ്ഭുതമെന്നു പറയട്ടെ, അഗ്നി സ്പര്‍ശമേല്‍ക്കാതെ പ്രഹ്ലാദന്‍ രക്ഷപ്പെടുകയും ഹോളിക തീയില്‍ വെന്തു ചാമ്പലാവുകയും ചെയ്തു. ഈ സംഭവത്തെ ആദരിച്ചാണ് ഹോളി കൊണ്ടാടുന്നതെന്നും, ഹോളിത്തീയ് കത്തിക്കുന്നതെന്നും പറയപ്പെടുന്നു.
ഹോളിയുടെ തലേന്ന്, ജനങ്ങള്‍ ഹോളിത്തീയ് കത്തിക്കാനുള്ള വിറക് ശേഖരിക്കുന്നു. ഹോളി രാത്രിയില്‍ അവര്‍ വിറക് കൂനയ്ക്ക് ചുറ്റും കൂടി ചെണ്ടകൊട്ടി നൃത്തം വെച്ചുകൊണ്ട് അതിന് തീ കൊളുത്തുന്നു. ആ തീയുടെ ചുറ്റും കുട്ടികള്‍ നൃത്തം വെച്ചുകൊണ്ട് പാടും....
ഹോളിയമ്മേ തന്നാട്ടെ
ഞങ്ങള്‍ക്കെല്ലാമാശിസ്സ്,
ആയിരമാണ്ടത്തെയായുസ്സ്!!
ആചാരങ്ങളും രീതികളും വ്യത്യസ്തമാണെങ്കിലും ഹോളി ആഘോഷപൂര്‍വ്വം കൊണ്ടാടുന്നുണ്ട്. ആചാരങ്ങളുടെ ചങ്ങലക്കെട്ടില്‍ നിന്ന് സ്വയം മുക്തരാകാനുള്ള ആവേശമാണ് ഹോളിദിവസം ജനങ്ങള്‍ പ്രകടിപ്പിക്കുന്നത്. ശ്വാസം മുട്ടിക്കുന്ന പലവിധ ഉത്തരവാദിത്വങ്ങളില്‍ നിന്നും കുറച്ചുനേരത്തേക്കെങ്കിലും ഒഴിഞ്ഞുനില്‍ക്കാനുള്ള പ്രവണതയും അതില്‍ പ്രകടമാണ്.
ഏവര്‍ക്കും ഹൃദയം നിറഞ്ഞ ‘ഹോളി‘ ആശംസകള്‍...!!
കടപ്പാട് : നാഷണല്‍ ബുക്ക് ട്രസ്റ്റ്, ഇന്ത്യ
Subscribe to:
Post Comments (Atom)
No comments:
Post a Comment