Friday, April 9, 2010
വിഷു വിശേഷങ്ങളിലൂടെ....
വിഷുവിനെ സംബന്ധിച്ച് നിരവധി കഥകള്‍ പറഞ്ഞു കേള്‍ക്കുന്നുണ്ട്. അതിലൊന്ന്, ഈ ദിവസമാണത്രേ രാവണവധം നടന്നത്. സൂര്യചന്ദ്രന്മാരടക്കം ജ്യോതിര്‍ഗോളങ്ങളും ദേവന്മാരുമെല്ലാം രാവണന്റെ ചൊല്‍പ്പടിയിലായിരുന്നുവല്ലോ. മനുഷ്യര്‍ക്കൊപ്പം ദേവന്മാരും ഈ ദിവസം ആഘോഷിക്കുന്നുണ്ടത്രേ!
വിഷുവിനെ സംബന്ധിച്ച പ്രസിദ്ധമായ മറ്റൊരു കഥ ഇനി പറയാം. ഒരിക്കല്‍ ഹിരണ്യാക്ഷന്‍ എന്ന അസുരന്‍ ഭൂമീദേവിയെ അപഹരിച്ചുകൊണ്ട് പാതാളത്തിലേക്ക് ഓടിപ്പോയി. ഒരു പന്നിയുടെ രൂപം ധരിച്ചാണ് അയാള്‍ ഭൂമീദേവിയെ തട്ടിക്കൊണ്ടു പോയത്. ഓടിപ്പോകുന്നതിനിടെ അസുരന്റെ തേറ്റയുമായുണ്ടായ സമ്പര്‍ക്കത്തില്‍ ഭൂമീദേവി ഗര്‍ഭിണിയായി. കാലക്രമത്തില്‍ അതിശക്തനായ ഒരു ശിശുവിന് ജന്മം നല്‍കുകയും ചെയ്തു. ആ ശിശുവാണ് നരകാസുരന്‍ . ഭൂമീദേവി തന്റെ ശിശുവിനേയുമെടുത്ത് മഹാവിഷ്ണുവിന്റെ സവിധത്തിലെത്തി. അസുരപുത്രനാണെങ്കിലും ഭൂമീദേവിയുടെ പുത്രനാണല്ലോ എന്നതുകൊണ്ട് മനസ്സലിഞ്ഞ മഹാവിഷ്ണു ആ ശിശുവിന് ‘നാരായണാസ്ത്രം’ എന്ന ദിവ്യാസ്ത്രം നല്‍കി അനുഗ്രഹിക്കുകയും ചെയ്തു. മാത്രമല്ല, ആ ദിവ്യാസ്ത്രം കൈയിലുള്ളിടത്തോളം കാലം തനിക്കല്ലാതെ മറ്റാര്‍ക്കും ആ അസുരനെ വധിക്കുവാന്‍ സാധിക്കില്ലെന്ന വരവും നല്‍കി.
പക്ഷേ വളര്‍ന്നു വലുതായി രാജാവായതോടെ ‘നരകാസുരന്‍ ‘ തന്റെ ആസുരസ്വഭാവം കാണിക്കാന്‍ തുടങ്ങി. പ്രാഗ്ജ്യോതിഷം എന്ന നഗരം ആസ്ഥാനമാക്കി അയാള്‍ ഭരണം തുടങ്ങി. ആ അസുരന്‍ ബലശാലികളായ അനവധി അസുരന്മാരെ സേനാ നായകരാക്കി ദേവന്മാരേയും മറ്റും പല തവണ ഉപദ്രവിക്കുകയും പതിനാറായിരത്തില്‍ പരം ദേവ-മനുഷ്യസ്ത്രീകളെ അപഹരിച്ച് തന്റെ ഭാര്യമാരാക്കുകയും ചെയ്തു.
ഇങ്ങനെ നരകാസുരന്റെ ശല്യം സഹിക്കവയ്യാതായതോടെ ദേവന്മാരും മറ്റും ദ്വാരകയിലെത്തി ശ്രീകൃഷ്ണനെ കണ്ട് സങ്കടമുണര്‍ത്തിച്ചു. ശ്രീകൃഷ്ണന്‍ ഗരുഡാരൂഢനായി പ്രാഗ്ജ്യോതിഷത്തില്‍ എത്തുകയും നരകാസുരനേയും മറ്റസുരന്മാരേയും കൊന്നൊടുക്കുകയും ചെയ്തു. നരകാസുര വധത്തിന്റെ സ്മരണ പുതുക്കലാണ് വിഷു ആഘോഷം എന്ന് പറയപ്പെടുന്നു.
വിഷുക്കണി ശ്രീകൃഷ്ണനുമായാണ് കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നത്. വിഷുക്കണിയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണല്ലോ കൊന്നപ്പൂ. കൃഷ്ണന്റെ അരയിലെ സ്വര്‍ണ്ണക്കിങ്ങിണിയാണത്രേ കൊന്നപ്പൂവായി രൂപം പ്രാപിച്ചിരിക്കുന്നത്.
കടപ്പാട് : മാതൃഭൂമി
Subscribe to:
Post Comments (Atom)
No comments:
Post a Comment