Friday, October 11, 2013

നവരാത്രിയും വിജയദശമിയും


ദേവീപൂജയാണ് നവരാത്രി ആഘോഷങ്ങളുടെ അടിസ്ഥാനം. ദേവി എല്ലാവര്‍ക്കും അമ്മയാണ്. ദേവന്മാര്‍ വരെ ഈ അമ്മയെ പ്രീതിപ്പെടുത്തി കാര്യങ്ങള്‍ നേടിയിട്ടുണ്ട്.അത്തരമൊരു അവസരത്തിന്റെ ഓര്‍മ്മ പുതുക്കലാണ് നവരാത്രി ആഘോഷം. ഒന്നുകൂടെ വ്യക്തമായി പറഞ്ഞാല്‍ രാമായണം യുദ്ധകാണ്‌ഡത്തില്‍ വിവരിക്കപ്പെടുന്ന ഒരു സംഭവത്തിന്റെ ഓര്‍മ്മപുതുക്കല്‍.സംഭവം രാവണനിഗ്രഹം..!!

രാമരാവണയുദ്ധം അതിഘോരമായി നടന്നുകൊണ്ടിരിക്കുന്നു. രാവണനെ വധിക്കാന്‍ രാമന് ഒരു തരത്തിലും കഴിയുന്നില്ല. രാവണന്റെ ഓരോ തലയും രാമന്‍ എയ്തു വീഴ്ത്തുന്നു. എന്തു പ്രയോജനം..? താഴെ വീണ തലകള്‍ വീണ്ടും യഥാസ്ഥാനത്തു തന്നെ വന്നിരുന്ന് രാമനെ നോക്കി വിജയഭാവത്തില്‍ അട്ടഹസിക്കുന്നു. രാവണനെ കൊല്ലാന്‍ രാമന് ഒരു വഴിയും തോന്നിയില്ല. ഏറെ ക്ഷീണിതനായിരുന്നു രാമന്‍‌ .

ഋഷിവര്യനായ അഗസ്ത്യമഹര്‍ഷി ആ സമയം രാമനോടു പറഞ്ഞു : “രാമ, ആപദി കിം കരണീയം..? ” ( ആപത്തില്‍ എന്താണ് ചെയ്യേണ്ടത്..? ) അമ്മയെ ധ്യാനിക്കുക തന്നെ. അല്ലാതെ മറ്റൊരു വഴിയുമില്ല.

ഘോരയുദ്ധം നടക്കുന്നതിനിടെ രാമന്‍ എങ്ങനെയാണ് ദേവിയെ ധ്യാനിക്കുക. ദേവന്മാര്‍ക്ക് വേണ്ടി അങ്ങ് തന്നെ ദേവീപൂജ നടത്തണമെന്ന് അഗസ്ത്യ മഹര്‍ഷിയോട് രാമന്‍ പറഞ്ഞു അതിന്‍പടി അഗസ്ത്യ മഹര്‍ഷി ദേവീപൂജ നടത്തി. ദേവിയുടെ വിവിധ ഭാവങ്ങളെ ആവാഹിച്ചു കൊണ്ടായിരുന്നു പൂജ. ഇന്നും നവരാത്രി പൂജകളില്‍ ഓരോ ദിവസവും ദേവിയുടെ ഓരോ ഭാവങ്ങളെയാണ് പൂജിക്കുന്നത്. അഗസ്ത്യമഹര്‍ഷി എട്ടു ദിവസം പൂജ ചെയ്തു. ഒമ്പതാം ദിവസമായി. വിജയദശമി ദിവസം ദേവി അഗസ്ത്യ മഹര്‍ഷിക്ക് രാവണ നിഗ്രഹത്തിനുള്ള മാര്‍ഗം ഉപദേശിച്ചു കൊടുത്തു. എന്തായിരുന്നു ആ ഉപദേശം എന്നു കൂടി പറയാം. “ തല അറുത്ത് രാവണനെ കൊല്ലാന്‍ കഴിയില്ല. നെഞ്ച് പിളര്‍ന്നാല്‍ മാത്രമേ രാവണന്‍ മരിക്കുകയുള്ളൂ.”

അഗസ്ത്യ മഹര്‍ഷി വിവരം രാമനെ ധരിപ്പിച്ചു. രാമന്‍ ദേവിയെ ധ്യാനിച്ച് അപ്രകാരം തന്നെ ചെയ്തു. വിജയദശമി നാളില്‍ രാമന്‍ , രാവണനെ നിഗ്രഹിച്ചു. ഇങ്ങനെയാണ് വിജയദശമി നാളിന്റെ ഐതിഹ്യം. രാമന് ദേവി, വിദ്യ ഉപദേശിച്ചു കൊടുത്ത ദിവസം; അതാണ് വിജയദശമി. അന്ന് ദേവി വിദ്യാരൂപിണിയാണ്.
വിദ്യകള്‍ക്ക് ആരംഭം കുറിക്കാന്‍ ഏറ്റവും പറ്റിയ ദിവസമായി വിജയദശമി ദിവസം കണക്കാക്കിപ്പോരുന്നു. എട്ടു ദിവസത്തെ പൂജകള്‍ക്കും ഒമ്പതാം ദിവസത്തെ സര്‍വ്വൈശ്വര്യ പൂജകള്‍ക്കും ശേഷമാണ് വിദ്യാരംഭം നടത്തേണ്ടത്. വിദ്യയെന്നാല്‍ അക്ഷരം കുറിക്കല്‍ മാത്രമല്ല, ഏതു വിദ്യയുമാകാം. അതുപോലെ തന്നെ, പുതിയ വിദ്യ ആരംഭിക്കല്‍ മാത്രമല്ല, ചെയ്തു വരുന്ന വിദ്യ നിര്‍ത്തിവെച്ച് ഈ ദിവസം പുതുതായി തുടങ്ങുന്നതും വിദ്യാരംഭം തന്നെ. വിദ്യയ്ക്ക് തെളിച്ചം കൂട്ടാന്‍ ഇതാവശ്യം തന്നെ.

വിദ്യ നന്നായാല്‍ ബുദ്ധി തെളിയും. തെളിഞ്ഞ ബുദ്ധി ലോകത്തെ വെളിച്ചത്തിലേക്ക് നയിക്കും. ആ വെളിച്ചത്തിന് വേണ്ടി നമുക്ക് കണ്‍‌തുറന്ന് കാത്തിരിക്കാം.

കടപ്പാട് : അക്ഷരലോകം

No comments:

Post a Comment