Friday, October 11, 2013

ദീപങ്ങളുടെ ഉത്‌സവം : ദീപാവലി


ഇന്ത്യയുടെ ദേശീയോത്സവമായ ദീപാവലി ദീപങ്ങളുടെ ഉത്സവമായിട്ടാണ് ആഘോഷിക്കപ്പെടുന്നത്. ദീപാവലിയാഘോഷങ്ങള്‍ക്ക് ഇന്ത്യാചരിത്രത്തോളം തന്നെ പഴക്കമുണ്ട്. ഹിന്ദുപുരാണങ്ങളിലും മറ്റും ദീപാവലിയാഘോഷത്തെക്കുറിച്ച് ഒട്ടേറെ പരാമര്‍ശങ്ങളുണ്ട്.
മനുഷ്യനെ അജ്ഞാനമാകുന്ന അന്ധകാരത്തില്‍ നിന്ന് അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കുകയാണ് ദീപാവലിയുടെ മഹത്തായ സങ്കല്‌പം. ഭൂമിയില്‍ ആധിപത്യം സ്ഥാപിച്ചിരുന്ന ആസുരശക്തികളെ ഉന്മൂലനം ചെയ്‌ത് ജനങ്ങള്‍ക്ക് ക്ഷേമവും ഐശ്വര്യവും പ്രദാനം ചെയ്യുകയാണ് ആഘോഷത്തിന്റെ അടിസ്ഥാനം.
രാമായണത്തില്‍ ശ്രീരാമന്റെ വനവാസവുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് ദീപാവലിക്ക്. 14 വര്‍ഷത്തെ വനവാസത്തിനും രാവണവധത്തിനും ശേഷം അയോധ്യയില്‍ തിരിച്ചെത്തിയ ശ്രീരാമനേയും പരിവാരങ്ങളേയും ജനങ്ങള്‍ നിറദീപങ്ങളോടെ വരവേറ്റു എന്നാണ് സങ്കല്‌പം. അതിനെ അനുസ്‌മരിപ്പിക്കുന്നതിനാണ് നാം ദീപാവലി ദിവസം വീടിനകത്തും പുറത്തും ദീപങ്ങള്‍ തെളിച്ചും പടക്കങ്ങള്‍ പൊട്ടിച്ചും ആഘോഷിക്കുന്നത്.
നരകാസുരവധവുമായി ബന്ധപ്പെട്ടാണ് തെക്കേ ഇന്ത്യയില്‍ ദീപാവലി ആഘോഷിക്കുന്നത്. ദീപാവലി എന്നാല്‍ നരകചതുര്‍ത്ഥിയാണ്. തുലാമാസത്തിലെ കറുത്തവാവിനാണ് ദീപാവലി. നരകാസുരനെ വധിച്ച് രാജ്യത്തെ രക്ഷിച്ച ശ്രീകൃഷ്ണന്‍ ദ്വാരകയില്‍ തിരിച്ചെത്തിയപ്പോള്‍ ദ്വാരകാവാസികള്‍ സ്വീകരിച്ച് വിജയം ആഘോഷിച്ചതാണ് ദീപാവലി. ദുഷ്‌ടനെ ഇല്ലായ്‌മ ചെയ്‌തതിന്റെ സന്തോഷത്തിനായിട്ടാണ് നാം പടക്കം പൊട്ടിക്കുന്നത്. വീടെല്ലാം ദീപങ്ങളാല്‍ അലങ്കരിക്കുകയും, സന്തോഷസൂചകമായി പടക്കം കത്തിക്കുകയുമാണ് ചെയ്യുന്നത്. പ്രത്യേക പലഹാരങ്ങളും ഉണ്ടാക്കാറുണ്ട്.
സ്‌കന്ദ പുരാണത്തില്‍ ശ്രീപാര്‍വ്വതീ ദേവിയുടെ 21 ദിവസത്തെ കഠിന വ്രതത്തിനൊടുവില്‍ ഭഗവാന്‍ ശിവന്റെ വാമഭാഗമായി ലയിക്കുന്ന ദിനമാണ് ദീപാവലി. ശിവന്‍ അര്‍ദ്ധനാരീശ്വരനാകുന്ന ദിവസത്തെയാണ് ദീപാവലിയായി ആഘോഷിക്കുന്നത്.
ദീപാവലിയാഘോഷം പലസ്ഥലങ്ങളിലും പലതരത്തിലാണ് ആചരിക്കുന്നത്. ‘തമസോ മാ ജ്യോതിര്‍ഗമയ’ എന്നതാണ് ദീപാവലി ആഘോഷത്തില്‍ അടങ്ങിയിരിക്കുന്ന ഐതിഹ്യം. ഈ ദീപാവലി ദിവസവും ലോകത്ത് മനുഷ്യനിലെ ദുഷ്‌ടശകതികളെ നീക്കി നല്ല ശകതികള്‍ ആധിപത്യം സ്ഥാപിക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.
ഏവര്‍ക്കും ദീപാവലി ആശംസകള്‍ ...!!!

No comments:

Post a Comment