Sunday, December 25, 2011
ക്രിസ്തുമസ് - ആശയുടെ പ്രതീകം
യേശുക്രിസ്തുവിന്റെ ജനനത്തെ അനുസ്മരിച്ചുകൊണ്ട് ക്രൈസ്തവ ലോകം എല്ലാവര്‍ഷവും ഡിസംബര്‍ 25-ന് ആഘോഷിക്കുന്ന പുണ്യദിനം. നാലാം ശതാബ്ദം മുതലാണ് ക്രിസ്തുമസ് ഒരു പെരുന്നാളായി ആഘോഷിക്കപ്പെട്ടു തുടങ്ങിയത്. റോമാ സാമ്രാജ്യത്തില്‍പ്പെട്ട പൌരസ്ത്യ ദേശങ്ങളില്‍ ജനനം, ജ്ഞാന സ്നാനം എന്നിവ വഴിയുള്ള ദൈവത്തിന്റെ വെളിപ്പെടലിന്റെ ഓര്‍മ്മയ്ക്കായി എല്ലാ ആണ്ടിലും ജനുവരി ആറാം തിയതി പെരുന്നാളായി ആഘോഷിച്ചു വന്നിരുന്നു. നാലാം ശതാബ്ദത്തില്‍ ഇതിനൊരു മാറ്റം വന്നു. ജന്മദിനാഘോഷത്തിന് ഡിസംബര്‍ 25-ഉം, ജ്ഞാന സ്നാനത്തിന്റെ ഓര്‍മ്മയ്ക്ക് ജനുവരി 6-ഉം പ്രത്യേകം നിശ്ചയിക്കപ്പെട്ടു.
ഡിസംബര്‍- 25 റോമിലെ ഒരു അക്രൈസ്തവ ഉത്സവമായിരുന്നു. മകരസംക്രാന്തിയോടു കൂടി (ദക്ഷിണായനം) സൂര്യന് കൂടുതല്‍ വെളിച്ചമുണ്ടാകുന്നതിന്റെ അടിസ്ഥാനത്തില്‍, ഡിസംബര്‍-25, അജയ്യനായ സൂര്യന്റെ ജന്മദിനമായിട്ടാണ് ഒറീലിയര്‍ ചക്രവര്‍ത്തിയുടെ നിര്‍ദ്ദേശാനുസരണം ആഘോഷിക്കപ്പെട്ടു വന്നിരുന്നത്. നന്മയുടെ സൂര്യനായ യേശുക്രിസ്തുവിന്റെ ജന്മനാള്‍ കൊണ്ടാടുന്നതിനും ഈ ഡിസംബര്‍-25 തന്നെയാണ് തിരഞ്ഞെടുത്തത്. എ.ഡി.336 -നോടടുത്ത് ഈ ഏര്‍പ്പാട് നിലവില്‍ വന്നു. എന്നാല്‍ അര്‍മേനിയന്‍ സഭ ജനുവരി ആറിനാണ് ക്രിസ്തുമസ് ആഘോഷിക്കുന്നത്.
ക്രിസ്തുമസ് സംബന്ധിച്ച പല ആഘോഷ പരിപാടികളിലും അക്രൈസ്തവരുടെ പല ആചാര വിശേഷങ്ങളും കടന്നു കൂടിയിട്ടുണ്ട്. ക്രിസ്തുമസിനു മുമ്പുള്ള നാലാഴ്ച ആഗമനകാലം എന്നാണ് ക്രിസ്ത്യാനികളുടെ ഇടയില്‍ അറിയപ്പെട്ടിരുന്നത്. ക്രിസ്തുവിന്റെ ജനനത്തിനു മുമ്പ് പൂര്‍വ്വപിതാക്കന്മാര്‍ 4000 വര്‍ഷം കാത്തിരുന്നതിന്റെ സ്മരണയാണിത്. ഓരോ ക്രിസ്ത്യാനിക്കും തപസ്സിന്റെ കാലം കൂടിയാണിത്.
ഡിസംബര്‍-24 ന് അര്‍ദ്ധരാത്രിയിലാണ് ക്രിസ്തുമസിന്റെ പ്രധാന ചടങ്ങുകള്‍. ആ സമയം ദേവാലയങ്ങളില്‍ ജനങ്ങള്‍ തിങ്ങിക്കൂടുന്നു. മുന്‍ കൂട്ടി തയ്യാര്‍ ചെയ്തിട്ടുള്ള പുല്‍ക്കൂട്ടിലേക്ക് ഉണ്ണിയേശുവിന്റെ രൂപം ആഘോഷപൂര്‍വ്വം വൈദികര്‍ കൊണ്ടുപോകുന്നു. അപ്പോള്‍ ദേവാലയത്തിലെ മണികള്‍ കൂട്ടമായി അടിക്കുകയും വൈദികനോടൊത്ത്, ഗായകസംഘം ഗാനങ്ങള്‍ ആലപിക്കുകയും ചെയ്യുന്നു. ഉണ്ണിയേശുവിന്റെ പാദത്തില്‍ പുഷ്പാര്‍ച്ചന നടത്തുവാനും, കാഴ്ചകള്‍ സമര്‍പ്പിക്കുവാനും ആഘോഷപൂവ്വം ജനങ്ങള്‍ ഓടിക്കൂടുന്നു. കുരുത്തോലകള്‍ കത്തിച്ച് പള്ളിയങ്കണത്തില്‍ തീ കായുന്നതും ക്രിസ്തുമസിന്റെ ചടങ്ങാണ്.
ഇന്നും മനുഷ്യരാശിയുടെ ആശയുടെ പ്രതീകമാണ് ക്രിസ്തുമസ്. ദു:ഖങ്ങളില്‍ നിന്ന് നമ്മെ കര കയറ്റുവാനായി ഈശ്വരയച്ച ആ “വെളിച്ചം നിറഞ്ഞ നായകന്‍ “ ഒരേ സമയം ദൈവപുത്രനും, മനുഷ്യപുത്രനുമായി - സ്നേഹത്തിന്റെ, ആശയുടെ പ്രതീകമായി- ഇന്നും നമ്മുടെയുള്ളില്‍ വിളങ്ങി നില്‍ക്കുകയാണ്. എല്ലാവര്‍ഷവും ആ തിരുപ്പിറവിദിനം ക്രിസ്തുമസായി നാം ആഘോഷിച്ചു വരുന്നു.
ഏവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍..!!
Subscribe to:
Post Comments (Atom)
മാനുഷ്യ രക്ഷയ്ക്കായി, ദൈവമായിരുന്നവൻ മനുഷ്യനായി ഭൂമിയിൽ അവതരിച്ചതിന്റെ ഒാർമ്മപുതുക്കുന്ന ഈ ദിനത്തിൽ എന്റെ ഹൃദയ്ംനിറഞ്ഞ ക്രിസ്തുമസ്സ് ആശംസ്സകൾ.
ReplyDelete