Monday, May 3, 2010

തൃശൂര്‍ പൂരം


തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തെ കേന്ദ്രീകരിച്ച് നടത്തിവരുന്ന ആഘോഷം. കേരളത്തിലെ പൂരങ്ങളില്‍ ഏറ്റവും പ്രസിദ്ധമായ ഈ പൂരം മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് ആഘോഷിക്കുന്നത്. തൃശൂര്‍ നഗരത്തിന്റെ സംവിധായകനായ ശക്തന്തമ്പുരാന്‍ തന്നെയാണ് തൃശൂര്‍ പൂരത്തിനും രൂ‍പം കൊടുത്തത്. തൃശൂര്‍ പൂരം ആഘോഷിക്കാന്‍ തുടങ്ങിയത് 1797-ല്‍ ആണ്.(കൊല്ലവര്‍ഷം : 972). അതേവരെ തൃശൂരിലും പരിസരങ്ങളിലുമുള്ള ക്ഷേത്രങ്ങള്‍ മീനമാസത്തിലെ പൂരത്തിന്റെ അന്ന് തൃശൂരില്‍ നിന്ന് 14 കി.മീ തെക്കുള്ള ആറാട്ടുപുഴയിലെ വിശാലമായ പാടത്ത് വിഗ്രഹം എഴുന്നള്ളിച്ച് എത്തിച്ചേര്‍ന്ന് പൂരം ആഘോഷിക്കുകയായിരുന്നു പതിവ്.

കൊല്ലവര്‍ഷം 972-ല്‍ (എ.ഡി.1797) മണലിപ്പുഴയില്‍ ഉണ്ടായ വെള്ളപ്പൊക്കം മൂലം പാടത്ത് മേളിക്കാന്‍ സാധിക്കതെ, തൃശൂരില്‍ നിന്നു വന്ന പൂരങ്ങള്‍ ഒരു ചക്കാലിയപ്പുരയില്‍ ഇറക്കിയെഴുന്നള്ളിക്കാന്‍ ഇടയായി. അതിനു പ്രായശ്ചിത്തമായി പുണ്യാഹം നടത്തണമെന്ന് തന്ത്രി നിര്‍ദ്ദേശിച്ചു. തൃശൂര്‍ പൂരങ്ങള്‍ അതിനു വഴങ്ങാതെ തിരിച്ചു പോയി. പിന്നീട് തൃശൂര്‍ക്കാരെ പങ്കെടുപ്പിക്കേണ്ടതില്ലെന്നും തീരുമാനമായി. വിവരം അറിഞ്ഞ ശക്തന്‍ തമ്പുരാന്‍ - “ഇനി മുതല്‍ തൃശൂരെ പൂരങ്ങള്‍ വടക്കുംനാഥന്റെ സന്നിധിയില്‍ വെച്ച് നടത്തിയാല്‍ മതി” - എന്നു കല്‍പ്പിക്കുകയും അതിനു വേണ്ട ചിട്ടകള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. അക്കൊല്ലം തന്നെ മേടമാസത്തിലെ പൂരം നക്ഷത്രത്തില്‍ തൃശൂരിലും പരിസരങ്ങളിലുമുള്ള ക്ഷേത്രങ്ങളില്‍ നിന്ന് വിഗ്രഹങ്ങള്‍ വഹിച്ചു കൊണ്ടുള്ള വടക്കുന്നാഥ ക്ഷേത്രപ്പറമ്പിലെത്തി ഗംഭീരമായ രീതിയില്‍ തൃശൂര്‍ പൂരം ആഘോഷിച്ചു. അധികം ചടങ്ങുകളില്ലാതെ നാനാ മതസ്ഥര്‍ ഒത്തുകൂടുന്ന ആഘോഷവും കച്ചവടവും അന്നും ഉണ്ടായിരുന്നു. അന്നുമുതല്‍ കൊല്ലംതോറും തൃശൂര്‍ പൂരം ആഘോഷിച്ചു വരുന്നു.

തൃശൂര്‍ പൂരത്തിന് പ്രധാനമായി നാല് ചടങ്ങാണുള്ളത്:
1.തിരുവമ്പാടി ഭഗവതിയെ എഴുന്നള്ളിച്ചു കൊണ്ട് ബ്രഹ്മസ്വം മഠത്തില്‍ നിന്നുള്ള വരവ്.
2. പാറമേക്കാവ് ഭഗവതിയെ എഴുന്നള്ളിച്ച് വടക്കുംനാഥ ക്ഷേത്രത്തിലെത്തിയ ശേഷം കൂത്തമ്പലത്തിന്റെ മുന്നില്‍ വച്ചു നടത്തുന്ന ‘ഇലഞ്ഞിത്തറമേളം‘.
3. തെക്കോട്ടിറക്കവും കുടമാറ്റവും.
4. കരിമരുന്നു പ്രയോഗം.

ഇതിനിടയില്‍ ചെമ്പൂക്കവ്, ചൂരക്കോട്ടുകാവ്, നൈതിലിക്കാവ്, ലാലൂര്‍ക്കാവ്, അയ്യന്തോള്‍ കാവ്, കണിമംഗലം ക്ഷേത്രം, കാരമുക്ക് ക്ഷേത്രം എന്നീ ഏഴു ദേശക്ഷേത്രങ്ങളില്‍ നിന്നുള്ള എഴുന്നള്ളത്തുകളുമുണ്ട്.പകല്‍ പതിനൊന്നു മണിയോടെയാണ് തിരുവമ്പാടിക്കരുടെ മഠത്തില്‍ നിന്നുള്ള വരവ്. കേരളത്തിലെ പ്രസിദ്ധരായ പഞ്ചവാദ്യ വിദഗ്ധര്‍ നടത്തുന്ന പഞ്ചവാദ്യമാണ് ഈ എഴുന്നള്ളത്തിലെ ഏറ്റവും ആകര്‍ഷകമായ ഇനം. ഉച്ചയോടു കൂടിയാണ് പാറമേക്കാവുകാരുടെ എഴുന്നള്ളിപ്പും ഇലഞ്ഞിത്തറമേളവും. ഈ മേളത്തില്‍ മറ്റൊരു കൂട്ടം പ്രസിദ്ധ വാദ്യക്കാര്‍ പങ്കെടുക്കുന്നു. ഇവിടെ മേളം പഞ്ചാരിയാണ്.

തൃശൂര്‍ പൂരത്തിന് മിഴിവു നല്‍കുന്നതില്‍ പാറമേക്കാവുകാരും തിരുവമ്പാടിക്കരും തമ്മിലുള്ള മത്സരം പ്രധാന പങ്കുവഹിക്കുന്നു. വാദ്യപ്രയോഗത്തിലും എഴുന്നള്ളിക്കുന്ന ആനയുടെ കാര്യത്തിലും തങ്ങള്‍ മികച്ചു നില്‍ക്കണം എന്ന് ഓരോ വിഭാഗവും നിഷ്കര്‍ഷിക്കുന്നു. മത്സരം മുഖാഭിമുഖമായി നില്‍ക്കുന്ന കൂടിക്കഴ്ചയേയും രാത്രിയില്‍ നടക്കുന്ന കരിമരുന്നു പ്രയോഗത്തേയും മികവുറ്റതാക്കുന്നു. തിരുവമ്പാടി പക്ഷവും പാറമേക്കാവു പക്ഷവും 15 വീതം ആനകളെ നെറ്റിപ്പട്ടം കെട്ടിച്ച് മുഖാഭിമുഖമായി നിര്‍ത്തുകയും രണ്ടു പക്ഷക്കാരും ആനപ്പുറത്തിരുന്ന് വിവിധ വര്‍ണ്ണത്തിലുള്ള മുത്തുക്കുടകള്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു. “കുടമാറ്റം” എന്നാണ് തെക്കോട്ടിറക്കത്തെ തുടര്‍ന്നുള്ള ഈ ചടങ്ങ് അറിയപ്പെടുന്നത്. ദിഗന്തങ്ങള്‍ കുലുങ്ങുമാറ് രണ്ടു പക്ഷവും മത്സരിച്ചു നടത്തുന്ന കരിമരുന്നു പ്രയോഗമാണ് തൃശൂര്‍ പൂരത്തിലെ ഏറ്റവും ആകര്‍ഷകമായ ഇനം. പൂരത്തോടനുബന്ധിച്ച് നടത്തുന്ന എക്സിബിഷനും ധാരാളം ആളുകളെ ആകര്‍ഷിക്കുന്നുണ്ട്.

മതസൌഹാര്‍ദ്ദം തുളുമ്പുന്ന, നാ‍നാ മതസ്ഥര്‍ ഒന്നിച്ചാഘോഷിക്കുന്ന നാടിന്റെ ഉത്സവമായി ‘തൃശൂര്‍ പൂരം‘ എന്നും നിലനില്‍ക്കട്ടെ..!!
കടപ്പാട് : നിശാഗന്ധി പബ്ലിക്കേഷന്‍സ്

No comments:

Post a Comment