Friday, October 11, 2013

നവരാത്രിയും വിജയദശമിയും


ദേവീപൂജയാണ് നവരാത്രി ആഘോഷങ്ങളുടെ അടിസ്ഥാനം. ദേവി എല്ലാവര്‍ക്കും അമ്മയാണ്. ദേവന്മാര്‍ വരെ ഈ അമ്മയെ പ്രീതിപ്പെടുത്തി കാര്യങ്ങള്‍ നേടിയിട്ടുണ്ട്.അത്തരമൊരു അവസരത്തിന്റെ ഓര്‍മ്മ പുതുക്കലാണ് നവരാത്രി ആഘോഷം. ഒന്നുകൂടെ വ്യക്തമായി പറഞ്ഞാല്‍ രാമായണം യുദ്ധകാണ്‌ഡത്തില്‍ വിവരിക്കപ്പെടുന്ന ഒരു സംഭവത്തിന്റെ ഓര്‍മ്മപുതുക്കല്‍.സംഭവം രാവണനിഗ്രഹം..!!

രാമരാവണയുദ്ധം അതിഘോരമായി നടന്നുകൊണ്ടിരിക്കുന്നു. രാവണനെ വധിക്കാന്‍ രാമന് ഒരു തരത്തിലും കഴിയുന്നില്ല. രാവണന്റെ ഓരോ തലയും രാമന്‍ എയ്തു വീഴ്ത്തുന്നു. എന്തു പ്രയോജനം..? താഴെ വീണ തലകള്‍ വീണ്ടും യഥാസ്ഥാനത്തു തന്നെ വന്നിരുന്ന് രാമനെ നോക്കി വിജയഭാവത്തില്‍ അട്ടഹസിക്കുന്നു. രാവണനെ കൊല്ലാന്‍ രാമന് ഒരു വഴിയും തോന്നിയില്ല. ഏറെ ക്ഷീണിതനായിരുന്നു രാമന്‍‌ .

ഋഷിവര്യനായ അഗസ്ത്യമഹര്‍ഷി ആ സമയം രാമനോടു പറഞ്ഞു : “രാമ, ആപദി കിം കരണീയം..? ” ( ആപത്തില്‍ എന്താണ് ചെയ്യേണ്ടത്..? ) അമ്മയെ ധ്യാനിക്കുക തന്നെ. അല്ലാതെ മറ്റൊരു വഴിയുമില്ല.

ഘോരയുദ്ധം നടക്കുന്നതിനിടെ രാമന്‍ എങ്ങനെയാണ് ദേവിയെ ധ്യാനിക്കുക. ദേവന്മാര്‍ക്ക് വേണ്ടി അങ്ങ് തന്നെ ദേവീപൂജ നടത്തണമെന്ന് അഗസ്ത്യ മഹര്‍ഷിയോട് രാമന്‍ പറഞ്ഞു അതിന്‍പടി അഗസ്ത്യ മഹര്‍ഷി ദേവീപൂജ നടത്തി. ദേവിയുടെ വിവിധ ഭാവങ്ങളെ ആവാഹിച്ചു കൊണ്ടായിരുന്നു പൂജ. ഇന്നും നവരാത്രി പൂജകളില്‍ ഓരോ ദിവസവും ദേവിയുടെ ഓരോ ഭാവങ്ങളെയാണ് പൂജിക്കുന്നത്. അഗസ്ത്യമഹര്‍ഷി എട്ടു ദിവസം പൂജ ചെയ്തു. ഒമ്പതാം ദിവസമായി. വിജയദശമി ദിവസം ദേവി അഗസ്ത്യ മഹര്‍ഷിക്ക് രാവണ നിഗ്രഹത്തിനുള്ള മാര്‍ഗം ഉപദേശിച്ചു കൊടുത്തു. എന്തായിരുന്നു ആ ഉപദേശം എന്നു കൂടി പറയാം. “ തല അറുത്ത് രാവണനെ കൊല്ലാന്‍ കഴിയില്ല. നെഞ്ച് പിളര്‍ന്നാല്‍ മാത്രമേ രാവണന്‍ മരിക്കുകയുള്ളൂ.”

അഗസ്ത്യ മഹര്‍ഷി വിവരം രാമനെ ധരിപ്പിച്ചു. രാമന്‍ ദേവിയെ ധ്യാനിച്ച് അപ്രകാരം തന്നെ ചെയ്തു. വിജയദശമി നാളില്‍ രാമന്‍ , രാവണനെ നിഗ്രഹിച്ചു. ഇങ്ങനെയാണ് വിജയദശമി നാളിന്റെ ഐതിഹ്യം. രാമന് ദേവി, വിദ്യ ഉപദേശിച്ചു കൊടുത്ത ദിവസം; അതാണ് വിജയദശമി. അന്ന് ദേവി വിദ്യാരൂപിണിയാണ്.
വിദ്യകള്‍ക്ക് ആരംഭം കുറിക്കാന്‍ ഏറ്റവും പറ്റിയ ദിവസമായി വിജയദശമി ദിവസം കണക്കാക്കിപ്പോരുന്നു. എട്ടു ദിവസത്തെ പൂജകള്‍ക്കും ഒമ്പതാം ദിവസത്തെ സര്‍വ്വൈശ്വര്യ പൂജകള്‍ക്കും ശേഷമാണ് വിദ്യാരംഭം നടത്തേണ്ടത്. വിദ്യയെന്നാല്‍ അക്ഷരം കുറിക്കല്‍ മാത്രമല്ല, ഏതു വിദ്യയുമാകാം. അതുപോലെ തന്നെ, പുതിയ വിദ്യ ആരംഭിക്കല്‍ മാത്രമല്ല, ചെയ്തു വരുന്ന വിദ്യ നിര്‍ത്തിവെച്ച് ഈ ദിവസം പുതുതായി തുടങ്ങുന്നതും വിദ്യാരംഭം തന്നെ. വിദ്യയ്ക്ക് തെളിച്ചം കൂട്ടാന്‍ ഇതാവശ്യം തന്നെ.

വിദ്യ നന്നായാല്‍ ബുദ്ധി തെളിയും. തെളിഞ്ഞ ബുദ്ധി ലോകത്തെ വെളിച്ചത്തിലേക്ക് നയിക്കും. ആ വെളിച്ചത്തിന് വേണ്ടി നമുക്ക് കണ്‍‌തുറന്ന് കാത്തിരിക്കാം.

കടപ്പാട് : അക്ഷരലോകം

ദീപങ്ങളുടെ ഉത്‌സവം : ദീപാവലി


ഇന്ത്യയുടെ ദേശീയോത്സവമായ ദീപാവലി ദീപങ്ങളുടെ ഉത്സവമായിട്ടാണ് ആഘോഷിക്കപ്പെടുന്നത്. ദീപാവലിയാഘോഷങ്ങള്‍ക്ക് ഇന്ത്യാചരിത്രത്തോളം തന്നെ പഴക്കമുണ്ട്. ഹിന്ദുപുരാണങ്ങളിലും മറ്റും ദീപാവലിയാഘോഷത്തെക്കുറിച്ച് ഒട്ടേറെ പരാമര്‍ശങ്ങളുണ്ട്.
മനുഷ്യനെ അജ്ഞാനമാകുന്ന അന്ധകാരത്തില്‍ നിന്ന് അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കുകയാണ് ദീപാവലിയുടെ മഹത്തായ സങ്കല്‌പം. ഭൂമിയില്‍ ആധിപത്യം സ്ഥാപിച്ചിരുന്ന ആസുരശക്തികളെ ഉന്മൂലനം ചെയ്‌ത് ജനങ്ങള്‍ക്ക് ക്ഷേമവും ഐശ്വര്യവും പ്രദാനം ചെയ്യുകയാണ് ആഘോഷത്തിന്റെ അടിസ്ഥാനം.
രാമായണത്തില്‍ ശ്രീരാമന്റെ വനവാസവുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് ദീപാവലിക്ക്. 14 വര്‍ഷത്തെ വനവാസത്തിനും രാവണവധത്തിനും ശേഷം അയോധ്യയില്‍ തിരിച്ചെത്തിയ ശ്രീരാമനേയും പരിവാരങ്ങളേയും ജനങ്ങള്‍ നിറദീപങ്ങളോടെ വരവേറ്റു എന്നാണ് സങ്കല്‌പം. അതിനെ അനുസ്‌മരിപ്പിക്കുന്നതിനാണ് നാം ദീപാവലി ദിവസം വീടിനകത്തും പുറത്തും ദീപങ്ങള്‍ തെളിച്ചും പടക്കങ്ങള്‍ പൊട്ടിച്ചും ആഘോഷിക്കുന്നത്.
നരകാസുരവധവുമായി ബന്ധപ്പെട്ടാണ് തെക്കേ ഇന്ത്യയില്‍ ദീപാവലി ആഘോഷിക്കുന്നത്. ദീപാവലി എന്നാല്‍ നരകചതുര്‍ത്ഥിയാണ്. തുലാമാസത്തിലെ കറുത്തവാവിനാണ് ദീപാവലി. നരകാസുരനെ വധിച്ച് രാജ്യത്തെ രക്ഷിച്ച ശ്രീകൃഷ്ണന്‍ ദ്വാരകയില്‍ തിരിച്ചെത്തിയപ്പോള്‍ ദ്വാരകാവാസികള്‍ സ്വീകരിച്ച് വിജയം ആഘോഷിച്ചതാണ് ദീപാവലി. ദുഷ്‌ടനെ ഇല്ലായ്‌മ ചെയ്‌തതിന്റെ സന്തോഷത്തിനായിട്ടാണ് നാം പടക്കം പൊട്ടിക്കുന്നത്. വീടെല്ലാം ദീപങ്ങളാല്‍ അലങ്കരിക്കുകയും, സന്തോഷസൂചകമായി പടക്കം കത്തിക്കുകയുമാണ് ചെയ്യുന്നത്. പ്രത്യേക പലഹാരങ്ങളും ഉണ്ടാക്കാറുണ്ട്.
സ്‌കന്ദ പുരാണത്തില്‍ ശ്രീപാര്‍വ്വതീ ദേവിയുടെ 21 ദിവസത്തെ കഠിന വ്രതത്തിനൊടുവില്‍ ഭഗവാന്‍ ശിവന്റെ വാമഭാഗമായി ലയിക്കുന്ന ദിനമാണ് ദീപാവലി. ശിവന്‍ അര്‍ദ്ധനാരീശ്വരനാകുന്ന ദിവസത്തെയാണ് ദീപാവലിയായി ആഘോഷിക്കുന്നത്.
ദീപാവലിയാഘോഷം പലസ്ഥലങ്ങളിലും പലതരത്തിലാണ് ആചരിക്കുന്നത്. ‘തമസോ മാ ജ്യോതിര്‍ഗമയ’ എന്നതാണ് ദീപാവലി ആഘോഷത്തില്‍ അടങ്ങിയിരിക്കുന്ന ഐതിഹ്യം. ഈ ദീപാവലി ദിവസവും ലോകത്ത് മനുഷ്യനിലെ ദുഷ്‌ടശകതികളെ നീക്കി നല്ല ശകതികള്‍ ആധിപത്യം സ്ഥാപിക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.
ഏവര്‍ക്കും ദീപാവലി ആശംസകള്‍ ...!!!

Sunday, December 25, 2011

ക്രിസ്തുമസ് - ആശയുടെ പ്രതീകം


യേശുക്രിസ്തുവിന്റെ ജനനത്തെ അനുസ്മരിച്ചുകൊണ്ട് ക്രൈസ്തവ ലോകം എല്ലാവര്‍ഷവും ഡിസംബര്‍ 25-ന് ആഘോഷിക്കുന്ന പുണ്യദിനം. നാലാം ശതാബ്ദം മുതലാണ് ക്രിസ്തുമസ് ഒരു പെരുന്നാളായി ആഘോഷിക്കപ്പെട്ടു തുടങ്ങിയത്. റോമാ സാമ്രാജ്യത്തില്‍പ്പെട്ട പൌരസ്ത്യ ദേശങ്ങളില്‍ ജനനം, ജ്ഞാന സ്നാനം എന്നിവ വഴിയുള്ള ദൈവത്തിന്റെ വെളിപ്പെടലിന്റെ ഓര്‍മ്മയ്ക്കായി എല്ലാ ആണ്ടിലും ജനുവരി ആറാം തിയതി പെരുന്നാളായി ആഘോഷിച്ചു വന്നിരുന്നു. നാലാം ശതാബ്ദത്തില്‍ ഇതിനൊരു മാറ്റം വന്നു. ജന്മദിനാഘോഷത്തിന് ഡിസംബര്‍ 25-ഉം, ജ്ഞാന സ്നാനത്തിന്റെ ഓര്‍മ്മയ്ക്ക് ജനുവരി 6-ഉം പ്രത്യേകം നിശ്ചയിക്കപ്പെട്ടു.

ഡിസംബര്‍- 25 റോമിലെ ഒരു അക്രൈസ്തവ ഉത്സവമായിരുന്നു. മകരസംക്രാന്തിയോടു കൂടി (ദക്ഷിണായനം) സൂര്യന് കൂടുതല്‍ വെളിച്ചമുണ്ടാകുന്നതിന്റെ അടിസ്ഥാനത്തില്‍, ഡിസംബര്‍-25, അജയ്യനായ സൂര്യന്റെ ജന്മദിനമായിട്ടാണ് ഒറീലിയര്‍ ചക്രവര്‍ത്തിയുടെ നിര്‍ദ്ദേശാനുസരണം ആഘോഷിക്കപ്പെട്ടു വന്നിരുന്നത്. നന്മയുടെ സൂര്യനായ യേശുക്രിസ്തുവിന്റെ ജന്മനാള്‍ കൊണ്ടാടുന്നതിനും ഈ ഡിസംബര്‍-25 തന്നെയാണ് തിരഞ്ഞെടുത്തത്. എ.ഡി.336 -നോടടുത്ത് ഈ ഏര്‍പ്പാട് നിലവില്‍ വന്നു. എന്നാല്‍ അര്‍മേനിയന്‍ സഭ ജനുവരി ആറിനാണ് ക്രിസ്തുമസ് ആഘോഷിക്കുന്നത്.

ക്രിസ്തുമസ് സംബന്ധിച്ച പല ആഘോഷ പരിപാടികളിലും അക്രൈസ്തവരുടെ പല ആചാര വിശേഷങ്ങളും കടന്നു കൂടിയിട്ടുണ്ട്. ക്രിസ്തുമസിനു മുമ്പുള്ള നാലാഴ്ച ആഗമനകാലം എന്നാണ് ക്രിസ്ത്യാനികളുടെ ഇടയില്‍ അറിയപ്പെട്ടിരുന്നത്. ക്രിസ്തുവിന്റെ ജനനത്തിനു മുമ്പ് പൂര്‍വ്വപിതാക്കന്മാര്‍ 4000 വര്‍ഷം കാത്തിരുന്നതിന്റെ സ്മരണയാണിത്. ഓരോ ക്രിസ്ത്യാനിക്കും തപസ്സിന്റെ കാലം കൂടിയാണിത്.

ഡിസംബര്‍-24 ന് അര്‍ദ്ധരാത്രിയിലാണ് ക്രിസ്തുമസിന്റെ പ്രധാന ചടങ്ങുകള്‍. ആ സമയം ദേവാലയങ്ങളില്‍ ജനങ്ങള്‍ തിങ്ങിക്കൂടുന്നു. മുന്‍ കൂട്ടി തയ്യാര്‍ ചെയ്തിട്ടുള്ള പുല്‍ക്കൂട്ടിലേക്ക് ഉണ്ണിയേശുവിന്റെ രൂപം ആഘോഷപൂര്‍വ്വം വൈദികര്‍ കൊണ്ടുപോകുന്നു. അപ്പോള്‍ ദേവാലയത്തിലെ മണികള്‍ കൂട്ടമായി അടിക്കുകയും വൈദികനോടൊത്ത്, ഗായകസംഘം ഗാനങ്ങള്‍ ആലപിക്കുകയും ചെയ്യുന്നു. ഉണ്ണിയേശുവിന്റെ പാദത്തില്‍ പുഷ്പാര്‍ച്ചന നടത്തുവാനും, കാഴ്ചകള്‍ സമര്‍പ്പിക്കുവാനും ആഘോഷപൂവ്വം ജനങ്ങള്‍ ഓടിക്കൂടുന്നു. കുരുത്തോലകള്‍ കത്തിച്ച് പള്ളിയങ്കണത്തില്‍ തീ കായുന്നതും ക്രിസ്തുമസിന്റെ ചടങ്ങാണ്.


ഇന്നും മനുഷ്യരാശിയുടെ
ആശയുടെ പ്രതീകമാണ് ക്രിസ്തുമസ്. ദു:ഖങ്ങളില്‍ നിന്ന് നമ്മെ കര കയറ്റുവാനായി ഈശ്വരയച്ച ആ “വെളിച്ചം നിറഞ്ഞ നായകന്‍ “ ഒരേ സമയം ദൈവപുത്രനും, മനുഷ്യപുത്രനുമായി - സ്നേഹത്തിന്റെ, ആശയുടെ പ്രതീകമായി- ഇന്നും നമ്മുടെയുള്ളില്‍ വിളങ്ങി നില്‍ക്കുകയാണ്. എല്ലാവര്‍ഷവും ആ തിരുപ്പിറവിദിനം ക്രിസ്തുമസായി നാം ആഘോഷിച്ചു വരുന്നു.

ഏവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍..!!

Monday, May 3, 2010

തൃശൂര്‍ പൂരം


തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തെ കേന്ദ്രീകരിച്ച് നടത്തിവരുന്ന ആഘോഷം. കേരളത്തിലെ പൂരങ്ങളില്‍ ഏറ്റവും പ്രസിദ്ധമായ ഈ പൂരം മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് ആഘോഷിക്കുന്നത്. തൃശൂര്‍ നഗരത്തിന്റെ സംവിധായകനായ ശക്തന്തമ്പുരാന്‍ തന്നെയാണ് തൃശൂര്‍ പൂരത്തിനും രൂ‍പം കൊടുത്തത്. തൃശൂര്‍ പൂരം ആഘോഷിക്കാന്‍ തുടങ്ങിയത് 1797-ല്‍ ആണ്.(കൊല്ലവര്‍ഷം : 972). അതേവരെ തൃശൂരിലും പരിസരങ്ങളിലുമുള്ള ക്ഷേത്രങ്ങള്‍ മീനമാസത്തിലെ പൂരത്തിന്റെ അന്ന് തൃശൂരില്‍ നിന്ന് 14 കി.മീ തെക്കുള്ള ആറാട്ടുപുഴയിലെ വിശാലമായ പാടത്ത് വിഗ്രഹം എഴുന്നള്ളിച്ച് എത്തിച്ചേര്‍ന്ന് പൂരം ആഘോഷിക്കുകയായിരുന്നു പതിവ്.

കൊല്ലവര്‍ഷം 972-ല്‍ (എ.ഡി.1797) മണലിപ്പുഴയില്‍ ഉണ്ടായ വെള്ളപ്പൊക്കം മൂലം പാടത്ത് മേളിക്കാന്‍ സാധിക്കതെ, തൃശൂരില്‍ നിന്നു വന്ന പൂരങ്ങള്‍ ഒരു ചക്കാലിയപ്പുരയില്‍ ഇറക്കിയെഴുന്നള്ളിക്കാന്‍ ഇടയായി. അതിനു പ്രായശ്ചിത്തമായി പുണ്യാഹം നടത്തണമെന്ന് തന്ത്രി നിര്‍ദ്ദേശിച്ചു. തൃശൂര്‍ പൂരങ്ങള്‍ അതിനു വഴങ്ങാതെ തിരിച്ചു പോയി. പിന്നീട് തൃശൂര്‍ക്കാരെ പങ്കെടുപ്പിക്കേണ്ടതില്ലെന്നും തീരുമാനമായി. വിവരം അറിഞ്ഞ ശക്തന്‍ തമ്പുരാന്‍ - “ഇനി മുതല്‍ തൃശൂരെ പൂരങ്ങള്‍ വടക്കുംനാഥന്റെ സന്നിധിയില്‍ വെച്ച് നടത്തിയാല്‍ മതി” - എന്നു കല്‍പ്പിക്കുകയും അതിനു വേണ്ട ചിട്ടകള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. അക്കൊല്ലം തന്നെ മേടമാസത്തിലെ പൂരം നക്ഷത്രത്തില്‍ തൃശൂരിലും പരിസരങ്ങളിലുമുള്ള ക്ഷേത്രങ്ങളില്‍ നിന്ന് വിഗ്രഹങ്ങള്‍ വഹിച്ചു കൊണ്ടുള്ള വടക്കുന്നാഥ ക്ഷേത്രപ്പറമ്പിലെത്തി ഗംഭീരമായ രീതിയില്‍ തൃശൂര്‍ പൂരം ആഘോഷിച്ചു. അധികം ചടങ്ങുകളില്ലാതെ നാനാ മതസ്ഥര്‍ ഒത്തുകൂടുന്ന ആഘോഷവും കച്ചവടവും അന്നും ഉണ്ടായിരുന്നു. അന്നുമുതല്‍ കൊല്ലംതോറും തൃശൂര്‍ പൂരം ആഘോഷിച്ചു വരുന്നു.

തൃശൂര്‍ പൂരത്തിന് പ്രധാനമായി നാല് ചടങ്ങാണുള്ളത്:
1.തിരുവമ്പാടി ഭഗവതിയെ എഴുന്നള്ളിച്ചു കൊണ്ട് ബ്രഹ്മസ്വം മഠത്തില്‍ നിന്നുള്ള വരവ്.
2. പാറമേക്കാവ് ഭഗവതിയെ എഴുന്നള്ളിച്ച് വടക്കുംനാഥ ക്ഷേത്രത്തിലെത്തിയ ശേഷം കൂത്തമ്പലത്തിന്റെ മുന്നില്‍ വച്ചു നടത്തുന്ന ‘ഇലഞ്ഞിത്തറമേളം‘.
3. തെക്കോട്ടിറക്കവും കുടമാറ്റവും.
4. കരിമരുന്നു പ്രയോഗം.

ഇതിനിടയില്‍ ചെമ്പൂക്കവ്, ചൂരക്കോട്ടുകാവ്, നൈതിലിക്കാവ്, ലാലൂര്‍ക്കാവ്, അയ്യന്തോള്‍ കാവ്, കണിമംഗലം ക്ഷേത്രം, കാരമുക്ക് ക്ഷേത്രം എന്നീ ഏഴു ദേശക്ഷേത്രങ്ങളില്‍ നിന്നുള്ള എഴുന്നള്ളത്തുകളുമുണ്ട്.പകല്‍ പതിനൊന്നു മണിയോടെയാണ് തിരുവമ്പാടിക്കരുടെ മഠത്തില്‍ നിന്നുള്ള വരവ്. കേരളത്തിലെ പ്രസിദ്ധരായ പഞ്ചവാദ്യ വിദഗ്ധര്‍ നടത്തുന്ന പഞ്ചവാദ്യമാണ് ഈ എഴുന്നള്ളത്തിലെ ഏറ്റവും ആകര്‍ഷകമായ ഇനം. ഉച്ചയോടു കൂടിയാണ് പാറമേക്കാവുകാരുടെ എഴുന്നള്ളിപ്പും ഇലഞ്ഞിത്തറമേളവും. ഈ മേളത്തില്‍ മറ്റൊരു കൂട്ടം പ്രസിദ്ധ വാദ്യക്കാര്‍ പങ്കെടുക്കുന്നു. ഇവിടെ മേളം പഞ്ചാരിയാണ്.

തൃശൂര്‍ പൂരത്തിന് മിഴിവു നല്‍കുന്നതില്‍ പാറമേക്കാവുകാരും തിരുവമ്പാടിക്കരും തമ്മിലുള്ള മത്സരം പ്രധാന പങ്കുവഹിക്കുന്നു. വാദ്യപ്രയോഗത്തിലും എഴുന്നള്ളിക്കുന്ന ആനയുടെ കാര്യത്തിലും തങ്ങള്‍ മികച്ചു നില്‍ക്കണം എന്ന് ഓരോ വിഭാഗവും നിഷ്കര്‍ഷിക്കുന്നു. മത്സരം മുഖാഭിമുഖമായി നില്‍ക്കുന്ന കൂടിക്കഴ്ചയേയും രാത്രിയില്‍ നടക്കുന്ന കരിമരുന്നു പ്രയോഗത്തേയും മികവുറ്റതാക്കുന്നു. തിരുവമ്പാടി പക്ഷവും പാറമേക്കാവു പക്ഷവും 15 വീതം ആനകളെ നെറ്റിപ്പട്ടം കെട്ടിച്ച് മുഖാഭിമുഖമായി നിര്‍ത്തുകയും രണ്ടു പക്ഷക്കാരും ആനപ്പുറത്തിരുന്ന് വിവിധ വര്‍ണ്ണത്തിലുള്ള മുത്തുക്കുടകള്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു. “കുടമാറ്റം” എന്നാണ് തെക്കോട്ടിറക്കത്തെ തുടര്‍ന്നുള്ള ഈ ചടങ്ങ് അറിയപ്പെടുന്നത്. ദിഗന്തങ്ങള്‍ കുലുങ്ങുമാറ് രണ്ടു പക്ഷവും മത്സരിച്ചു നടത്തുന്ന കരിമരുന്നു പ്രയോഗമാണ് തൃശൂര്‍ പൂരത്തിലെ ഏറ്റവും ആകര്‍ഷകമായ ഇനം. പൂരത്തോടനുബന്ധിച്ച് നടത്തുന്ന എക്സിബിഷനും ധാരാളം ആളുകളെ ആകര്‍ഷിക്കുന്നുണ്ട്.

മതസൌഹാര്‍ദ്ദം തുളുമ്പുന്ന, നാ‍നാ മതസ്ഥര്‍ ഒന്നിച്ചാഘോഷിക്കുന്ന നാടിന്റെ ഉത്സവമായി ‘തൃശൂര്‍ പൂരം‘ എന്നും നിലനില്‍ക്കട്ടെ..!!
കടപ്പാട് : നിശാഗന്ധി പബ്ലിക്കേഷന്‍സ്

Friday, April 9, 2010

വിഷു വിശേഷങ്ങളിലൂടെ....


വിഷുവിനെ സംബന്ധിച്ച് നിരവധി കഥകള്‍ പറഞ്ഞു കേള്‍ക്കുന്നുണ്ട്. അതിലൊന്ന്, ഈ ദിവസമാണത്രേ രാവണവധം നടന്നത്. സൂര്യചന്ദ്രന്മാരടക്കം ജ്യോതിര്‍ഗോളങ്ങളും ദേവന്മാരുമെല്ലാം രാവണന്റെ ചൊല്‍പ്പടിയിലായിരുന്നുവല്ലോ. മനുഷ്യര്‍ക്കൊപ്പം ദേവന്മാരും ഈ ദിവസം ആഘോഷിക്കുന്നുണ്ടത്രേ!

വിഷുവിനെ സംബന്ധിച്ച പ്രസിദ്ധമായ മറ്റൊരു കഥ ഇനി പറയാം. ഒരിക്കല്‍ ഹിരണ്യാക്ഷന്‍ എന്ന അസുരന്‍ ഭൂമീദേവിയെ അപഹരിച്ചുകൊണ്ട് പാതാളത്തിലേക്ക് ഓടിപ്പോയി. ഒരു പന്നിയുടെ രൂപം ധരിച്ചാണ് അയാള്‍ ഭൂമീദേവിയെ തട്ടിക്കൊണ്ടു പോയത്. ഓടിപ്പോകുന്നതിനിടെ അസുരന്റെ തേറ്റയുമായുണ്ടായ സമ്പര്‍ക്കത്തില്‍ ഭൂമീദേവി ഗര്‍ഭിണിയായി. കാലക്രമത്തില്‍ അതിശക്തനായ ഒരു ശിശുവിന് ജന്മം നല്‍കുകയും ചെയ്തു. ആ ശിശുവാണ് നരകാസുരന്‍ . ഭൂമീദേവി തന്റെ ശിശുവിനേയുമെടുത്ത് മഹാവിഷ്ണുവിന്റെ സവിധത്തിലെത്തി. അസുരപുത്രനാണെങ്കിലും ഭൂമീദേവിയുടെ പുത്രനാണല്ലോ എന്നതുകൊണ്ട് മനസ്സലിഞ്ഞ മഹാവിഷ്ണു ആ ശിശുവിന് ‘നാരായണാസ്ത്രം’ എന്ന ദിവ്യാസ്ത്രം നല്‍കി അനുഗ്രഹിക്കുകയും ചെയ്തു. മാത്രമല്ല, ആ ദിവ്യാസ്ത്രം കൈയിലുള്ളിടത്തോളം കാലം തനിക്കല്ലാതെ മറ്റാര്‍ക്കും ആ അസുരനെ വധിക്കുവാന്‍ സാധിക്കില്ലെന്ന വരവും നല്‍കി.

പക്ഷേ വളര്‍ന്നു വലുതായി രാജാവായതോടെ ‘നരകാസുരന്‍ ‘ തന്റെ ആസുരസ്വഭാവം കാണിക്കാന്‍ തുടങ്ങി. പ്രാഗ്ജ്യോതിഷം എന്ന നഗരം ആസ്ഥാനമാക്കി അയാള്‍ ഭരണം തുടങ്ങി. ആ അസുരന്‍ ബലശാലികളായ അനവധി അസുരന്മാരെ സേനാ നായകരാക്കി ദേവന്മാരേയും മറ്റും പല തവണ ഉപദ്രവിക്കുകയും പതിനാറായിരത്തില്‍ പരം ദേവ-മനുഷ്യസ്ത്രീകളെ അപഹരിച്ച് തന്റെ ഭാര്യമാരാക്കുകയും ചെയ്തു.
ഇങ്ങനെ നരകാസുരന്റെ ശല്യം സഹിക്കവയ്യാതായതോടെ ദേവന്മാരും മറ്റും ദ്വാരകയിലെത്തി ശ്രീകൃഷ്ണനെ കണ്ട് സങ്കടമുണര്‍ത്തിച്ചു. ശ്രീകൃഷ്ണന്‍ ഗരുഡാരൂഢനായി പ്രാഗ്ജ്യോതിഷത്തില്‍ എത്തുകയും നരകാസുരനേയും മറ്റസുരന്മാരേയും കൊന്നൊടുക്കുകയും ചെയ്തു. നരകാസുര വധത്തിന്റെ സ്മരണ പുതുക്കലാണ് വിഷു ആഘോഷം എന്ന് പറയപ്പെടുന്നു.

വിഷുക്കണി ശ്രീകൃഷ്ണനുമായാണ് കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നത്. വിഷുക്കണിയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണല്ലോ കൊന്നപ്പൂ. കൃഷ്ണന്റെ അരയിലെ സ്വര്‍ണ്ണക്കിങ്ങിണിയാണത്രേ കൊന്നപ്പൂവായി രൂപം പ്രാപിച്ചിരിക്കുന്നത്.

കടപ്പാട് : മാതൃഭൂമി